കടം വാങ്ങിയ പണം തിരികെ കൊടുത്തില്ല ; ഭാര്യയെ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു

ലോക് ഡൌണ്‍ കാരണം തൊഴില്‍ രഹിതനായ ഭര്‍ത്താവ് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ സാധിക്കാത്തതിന് പകരമായി ആണ് ഇയാള്‍ സഹൃത്തുക്കള്‍ക്ക് തന്റെ ഭാര്യയെ കാഴ്ചവെച്ചത്. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. എല്‍ ആര്‍ പാളയത്തിലെ താമസക്കാരനായ യുവാവ് 2018ലാണ് 21 കാരിയെ വിവാഹം ചെയ്തത്. ഇയാള്‍ക്ക് കോവിഡ് ലോക്ക്ഡൗണ്‍ ആയതോടെ ഒരു വര്‍ഷക്കാലത്തോളം പണിയൊന്നും ഉണ്ടായിരുന്നില്ല. ദമ്പതികള്‍ക്ക് രണ്ടുവയസായ മകനുമുണ്ട്.

ലോക്ക്ഡൗണ്‍ സമയത്ത് കൈയിലെ കാശുതീര്‍ന്നതോടെ ഇയാള്‍ സുഹൃത്തുക്കളായ സുന്ദരമൂര്‍ത്തി (25), മണികണ്ഠന്‍ (26) എന്നിവരില്‍ നിന്ന് പലതവണയായി പണം കടം വാങ്ങി. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെ ഭാര്യയെ ഇവര്‍ക്ക് കാഴ്ചവെക്കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. വിറ്റാമിന്‍ ഗുളിക എന്ന് പറഞ്ഞ് ഒരു ഗുളിക ഇയാള്‍ ഭാര്യക്ക് നല്‍കുകയായിരുന്നു. ഗുളിക കഴിച്ച് അധികം വൈകാതെ യുവതി മയക്കത്തിലേക്ക് വീണു. ഈ സമയം സുഹൃത്തുക്കളില്‍ ഒരാളായ സുന്ദരമൂര്‍ത്തിയെ ഭര്‍ത്താവ് ഇവിടേക്ക് വിളിച്ചുവരുത്തി. ബോധം വന്നപ്പോള്‍ താന്‍ പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടിക്ക് മനസ്സിലായി. ഇതിന്റെ പേരില്‍ യുവതി ഭര്‍ത്താവിനെ ശാസിക്കുകയും ചെയ്തു.

മറ്റൊരു സന്ദര്‍ഭത്തില്‍ ഭര്‍ത്താവും മണികണ്ഠനും മദ്യപിച്ച് വീട്ടിലെത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവ് മണികണ്ഠനോട് പറയുകയായിരുന്നു. ബലപ്രയോഗത്തിനിടെ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ പാര്‍വതി ഉറക്കെ നിലവിളിച്ചതോടെ മണികണ്ഠന്‍ ഓടി രക്ഷപ്പെട്ടു. ഈ സംഭവത്തിന് പിന്നാലെ മകനെയുമെടുത്ത് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ പതിവായി ഇവിടെയെത്തിയ ഭര്‍ത്താവ് തന്റെ സുഹൃത്തുക്കള്‍ക്ക് വഴങ്ങിക്കൊടുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. ശല്യം സഹിക്കാനാകാതെ വന്നതോടെ തിങ്കളാഴ്ച വനിതാ പൊലീസ് സ്റ്റേഷനിലെത്തി പാര്‍വതി പരാതി നല്‍കി. കേസെടുത്തതിന് പിന്നാലെ പൊലീസ് ഭര്‍ത്താവിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു.