ഭീഷണിയായി ഉറുമ്പുകളില്‍ സോംബി ഫംഗസ് ബാധയും

സോംബി ഫങ്കസ് ബാധ ഏറ്റു ചത്ത ഉറുമ്പ്.

ലോകത്ത് ഒന്നിന് പിറകെ ഒന്നായി വൈറസ് ഫംഗസ് ബാധകള്‍ വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മനുഷ്യനെ മാത്രമല്ല സര്‍വ്വ ജീവജാലങ്ങളെയും ബാധിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഇവയുടെ കൈകടത്തല്‍. കൊറോണയ്ക്ക് പിറകെ ബ്ലാക്, യെല്ലോ, വൈറ്റ് ഫംഗസുകള്‍ വാര്‍ത്തയില്‍ നിറയുമ്പോള്‍ ഉറുമ്പുകളെ ബാധിക്കുന്ന സോംബി ഫംഗസാണ് ഇപ്പോള്‍ ഭീതി വിതയ്ക്കുന്നത്. സോംബി എന്ന വിഭാഗത്തെ സിനിമകളില്‍ കണ്ടു നമുക്ക് പരിചിതമാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു ഫംഗസ് ലോകത്ത് ഉണ്ട് എന്നതാണ് സത്യം. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ ഉറുമ്പുകളില്‍ ബാധിച്ചിരിക്കുന്നത്.പ്രകൃതി ഒളിപ്പിച്ചുവച്ചിരിക്കുന്ന വൈചിത്ര്യങ്ങളിലൊന്നാണ് സോംബി ഫംഗസ് എന്നറിയപ്പെടുന്ന കോര്‍ഡിസെപ്സ്.

കോര്‍ഡിസെപ്സിന്റെ ബീജകോശം ഒരിടത്ത് ഒരു കോളനി സൃഷ്ടിക്കുന്നതോടെ ഉറുമ്പുകളുടെ കഷ്ടകാലം തുടങ്ങുകയായി. ഉറുമ്പുകളുടെ തലച്ചോറില്‍ കയറിപ്പറ്റി മനസിന്റെ കടിഞ്ഞാണ്‍ പിടിച്ചെടുത്ത് അവയെ മരണത്തിലേക്ക് തള്ളിവിടുകയാണ് ഈ ഫംഗസ്. ഇരയായ ഉറുമ്പിന്റെ ശരീരത്തില്‍ ഫംഗസ് വളര്‍ന്ന് ന്യൂട്രിയന്റുകള്‍ വലിച്ചെടുത്ത് അതിന്റെ മനസിന്റെ നിയന്ത്രണം കൈക്കലാക്കുന്നു. ഇനി ഒരു റിമോട്ട് കണ്‍ട്രോളിനാലെന്നതുപോലെ ഉറുമ്പ് ഫംഗസിന്റെ നിയന്ത്രണത്തിലാകുകയാണ്. ഇതോടെ തന്റെ കൂടിന്റെ സുരക്ഷിത്വത്തില്‍ നിന്ന് ഫംഗസ് തനിക്കാവശ്യമുള്ളയിടത്തേക്ക് ഉറുമ്പിനെ നയിക്കുന്നു. പിന്നീട് ഉറുമ്പ് മരത്തിലേക്ക് പാഞ്ഞുകയറുകയാണ്. തന്റെ നിലനില്‍പിനാവശ്യമായ വെളിച്ചവും ഊഷ്മാവും ഈര്‍പ്പവും ഉള്ളയിടത്തെത്തുംവരെ കോര്‍ഡിസെപ്സ് ഉറുമ്പിന്റെ തലച്ചോറിനെ നിയന്ത്രിക്കുന്നു. ഇരയുടെ താടിഭാഗം ഇലയിലോ ശാഖയിലോ കുരുക്കുന്നതോടെ അതിന്റെ ജീവന്‍ നഷ്ടമാകുന്നു.

ഫംഗസിന്റെ പരാക്രമം ഇവിടെ തീരുന്നില്ല. ജീവന്‍ നഷ്ടപ്പെട്ട ഇരയുടെ തലയിലൂടെ ഒരു നാരുപോലെ വളര്‍ന്ന് അതില്‍ ബള്‍ബ് ഷെയ്പ്പിലുള്ള ഭാഗമുണ്ടാക്കി പുതുബീജം നിറയ്ക്കുന്നു. മൂന്നാഴ്ചയാണ് ഇതിനായി എടുക്കുന്ന സമയം. ഇരയുടെ കോളനിയുടെ മുകളിലേക്ക് നേരെ പതിക്കത്തക്ക വിധത്തിലാവും ഇവയെന്നത് മറ്റൊരു കൗതുകം. ഇതില്‍ നിന്ന് പൊഴിയുന്ന കോശങ്ങള്‍ നേരെ ഉറുമ്പിന്റെ ആവാസ വ്യവസ്ഥയിലേക്ക്. ഇരയുടെ സഹജീവികളും സമാന ആക്രമണത്തിനിരയായി മരണത്തെ പുല്‍കുകയും കോളനി മുഴുവന്‍ നശിക്കുംവരെ ഫംഗസിന്റെ പ്രവര്‍ത്തനം തുടരുകയും ചെയ്യുന്നു. അറുന്നൂറിലേറെ കോര്‍ഡിസെപ്സ് ലോകത്തെ വിവിധ വനങ്ങളിലുണ്ടെന്നാണ് കണക്ക്. ഉറുമ്പുകള്‍ക്ക് പുറമേ മറ്റ് പല ജീവികളെയും ഇവ ഒരു പാവകളിക്കാരനെപ്പോലെ നിയന്ത്രിക്കാറുണ്ട്. മനുഷ്യരില്‍ ഇതുവരെ ഇവയെ കണ്ടെത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്.