അംബേദ്കറിന്റെ പോസ്റ്ററുകള്‍ കീറിയത് ചോദ്യം ചെയ്ത ദളിത് യുവാവിനെ മര്‍ദിച്ച് കൊന്നു

അംബേദ്കറിന്റെ പോസ്റ്ററുകള്‍ കീറിയത് ചോദ്യം ചെയ്ത ദളിത് യുവാവിനെ മര്‍ദ്ദിച്ചുകൊന്നു. വിനോദ് ബാംനിയ എന്ന 21കാരനെയാണ് നാല് പേരടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. രാജസ്ഥാനിലെ ഹനുമാന്‍ഗഡില്‍ നിന്നുള്ള ഭീം ആര്‍മി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. തന്റെ വീടിന് പുറത്ത് പതിപ്പിച്ച അംബേദ്കറുടെ പോസ്റ്ററുകള്‍ കീറിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം.

ജൂണ്‍ അഞ്ചിന് നടന്ന സംഭവത്തില്‍ മര്‍ദനമേറ്റ യുവാവ് ചികിത്സയിലായിരുന്നു. മറ്റ് രണ്ട് പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം നടത്തിവരികയാണ്. നേരത്തെ, സമാന വിഷയത്തില്‍ പഞ്ചായത്ത് ഇടപെടുകയും ആക്രമികളുടെ കുടുംബം മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റര്‍ കീറിയവര്‍ വീണ്ടും ആക്രമണത്തിന് വരികയും യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നു.