ലക്ഷദ്വീപ് ; ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
ഐഷ സുല്‍ത്താനയ്ക്കെതിരെ കവരത്തി പൊലീസ് കേസെടുത്തു. ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോ വെപ്പണ്‍’ എന്ന പദം പ്രയോഗിച്ചതിനാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ബയോ വെപ്പണ്‍ എന്ന പദം തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് എന്നാണ് ഐഷ സുല്‍ത്താനയുടെ പ്രതികരണം.
‘രാജ്യത്തെയോ സര്‍ക്കാരിനെയോ അല്ല ഞാന്‍ ആ പദം പ്രയോഗിച്ചത് കൊണ്ട് ഉദ്ദേശിച്ചത്. ഞാന്‍ ആ വാക്ക് പ്രയോഗിച്ചത് പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ്. പ്രഫുല്‍ പട്ടേലും അയാളുടെ നയങ്ങളും ഒരു വെപ്പണ്‍ പോലെയാണ് തോന്നിയത്. അതിന് കാരണം ഒരു വര്‍ഷത്തോളമായി പൂജ്യം കൊവിഡ് ആയ ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലും ആളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചത്’ എന്ന് ഐഷ സുല്‍ത്താന ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചിരുന്നു.
അതേസമയം ലക്ഷദ്വീപിലെ പട്ടിണിയില്‍ ഇടപെടലുമായി ഹൈക്കോടതി. ആവശ്യമായ അരിയും മറ്റും വിതരണം ചെയ്യുന്നുണ്ടെന്ന് കലക്ടര്‍ ഉറപ്പ് വരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെവൈ പദ്ധതി പ്രകാരം അരി വിതരണം ചെയ്യുന്നുണ്ടെന്ന് ഭരണകൂടം കോടതിയെ അറിയിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ലോക്ഡൗണ്‍ അവസാനിക്കും വരെ ലക്ഷദ്വീപില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗവുമായ കെ.കെ നാസിഹ് ആണ് കോടതിയെ സമീപിച്ചത്. ദ്വീപിലെ 80 ശതമാനം ജനങ്ങളും ദിവസക്കൂലിക്കാരാണ്. ലോക്ഡൗണ്‍ കൂടി വന്നതോടെ അമിനി, കവരത്തി ദ്വീപുകളിലെല്ലാം ഭക്ഷ്യക്ഷാമമുള്ളതായി ഹര്‍ജിയില്‍ പറയുന്നു. സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.