കേരളത്തിലെ രണ്ടാം തരംഗത്തിന് കാരണം ഡെല്‍റ്റാ വകഭേദം എന്ന് മുഖ്യമന്ത്രി

കേരളത്തിലുള്ളത് കൊവിഡിന്റെ വ്യാപന തോത് കൂടുതലുള്ള ഡെല്‍റ്റ വകഭേദമാണ് എന്ന് മുഖ്യമന്ത്രി. കൊറോണ വൈറസിന് ജനിതക മാറ്റത്തിലൂടെ വിവിധ വകഭേദങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വകഭേദങ്ങളെ അവ ഉത്ഭവിച്ച രാജ്യത്തിന്റെ പേര് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് വൈറസ് വകഭേദങ്ങള്‍ക്ക് ആല്‍ഫ്, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നീ പേരുകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ വ്യാപന തോത് കൂടുതലുള്ള ഡെല്‍റ്റ വൈറസാണ് കാണപ്പെടുന്നത്. വാക്‌സിന്‍ എടുത്തവരിലും രോഗം ഭേദമായവരിലും രോഗമുണ്ടാക്കാന്‍ ഡെല്‍റ്റാ വൈറസിന് കഴിയും. എന്നാല്‍ രോഗം രൂക്ഷമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കണ്ടെത്തിയിട്ടില്ല. നെരത്തെ ഒരാളില്‍ നിന്ന് മൂന്ന് പേര്‍ക്കാണ് രോഗം വ്യാപിച്ചിരുന്നതെങ്കില്‍ ഡെല്‍റ്റാ വൈറസ് രോഗബാധിതന് അഞ്ച് മുതല്‍ പത്ത് പേര്‍ക്ക് വരെ രോഗം പരത്താന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതുപോലെ സംസ്ഥാനത്ത് നടപ്പിലാക്കിയ ലോക്ഡൗണ്‍ ഫലപ്രദമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായി. എന്നാല്‍ പൂര്‍ണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ല. ടിപിആര്‍ പത്തിന് താഴെ എത്തിക്കാനാണ് ശ്രമം. ടിപിആര്‍ കൂടിയ സ്ഥലങ്ങളില്‍ പരിശോധനകള്‍ കൂട്ടും. ടിപിആര്‍ കൂടിയ ജില്ലകളില്‍ പരിശോധന കൂട്ടാന്‍ നിര്‍ദേശിച്ച മുഖ്യമന്ത്രി കോഴിക്കോട് ഇക്കാര്യത്തില്‍ മാതൃകയാണെന്ന് പറഞ്ഞു. രോഗം ബാധിച്ചവരെ സിഎഫ്എല്‍ടിസിയിലെത്തിക്കുന്നതിന് മികച്ച രീതിയാണ് ജില്ലയിലേതെന്നും കൂട്ടിച്ചേര്‍ത്തു. ഇത് സംസ്ഥാനത്ത് പിന്തുടരാവുന്നതാണ്. കൂടുതല്‍ രോഗികളുള്ള ചില പ്രദേശങ്ങളില്‍ കൂടുതല്‍ ഗൗരവത്തോടെ ഇടപെടുമെന്നും നിയന്ത്രണം കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാരാന്ത്യത്തിലെ സമ്പൂര്‍ണ ലോക്ഡൗണിനോട് ജനം സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.