വിവാഹേതരബന്ധങ്ങളിലെ ഗാര്‍ഹിക പീഡനം
വീടുകളിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക ദൗത്യം ഏറ്റെടുക്കുമെന്നു കൊച്ചി സിറ്റി കമ്മീഷണര്‍ നാഗരാജു. വിവാഹ വിവാഹേതര ബന്ധത്തിലെ പീഡന പരാതികളില്‍ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കാരണം കൊച്ചി പോലുള്ള സിറ്റിയില്‍ ഇത്തരം വിവാഹേതര ലിവിംഗ് റ്റു ഗെദര്‍ ബന്ധങ്ങളും അതുമായി ബന്ധപ്പെട്ട പരാതികളും കൂടുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറയുന്നു. ഓരോ ദിവസവും നിരവധി പരാതികള്‍ വരുന്നു. അതിന്റെ തീവ്രത ദിവസംതോറും കൂടിവരികയാണ്. ഇത്തരം പരാതികളൊക്കെ വരുദിവസങ്ങളില്‍ കൃത്യമായി അന്വേഷിക്കും. അതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ എറണാകുളം ഫ്‌ലാറ്റ് പീഡനക്കേസ് അന്വേഷണത്തില്‍ തുടക്കത്തില്‍ വീഴ്ച പറ്റിയെന്നും അദ്ദേഹം സമ്മതിച്ചു. ഏപ്രില്‍ എട്ടിനാണ് മാര്‍ട്ടിനെതിരെ ആദ്യ പരാതി പൊലീസിന് ലഭിക്കുന്നത്. ആ ഘട്ടത്തില്‍ അന്വേഷണം നടത്തുകയും തൃശൂരില്‍ അന്വേഷണത്തിനായി സംഘം പോകുകയും ചെയ്തിരുന്നു. പിന്നീട് കോവിഡ് വ്യാപനവും തുടര്‍ന്നു വന്ന ലോക്ക്‌ഡൌണും അന്വേഷണം മന്ദഗതിയിലാക്കി. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് മാര്‍ട്ടിന്‍ പൊലീസ് പിടിയാകുന്നത്. അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തൃശൂര്‍ മെഡിക്കല്‍ കോളജ് പോലീസ് ഇന്‍സ്‌പെക്ടര്‍ എ. അനന്തലാല്‍, എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ നിസാര്‍. എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി മാര്‍ട്ടിനു പുറമെ പ്രതിയെ സഹായിച്ച മൂന്നു പേര്‍ പിടിയിലായിട്ടുണ്ട്. സുഹൃത്തുക്കളായ ധനേഷ്, ശ്രീരാഗ്, ജോണ്‍ ജോയ് എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിനെതിരെ കഞ്ചാവ് കേസുകള്‍ ഉള്‍പ്പെടെ നിലവില്‍ ഉണ്ട്.