മരം മുറി ; പിണറായി സഹിതം പണം വാങ്ങിയിട്ടുണ്ട് എന്ന് കെ സുധാകരന്‍
അനധികൃത മരംമുറിയില്‍ മുഖ്യമന്ത്രിയടക്കം പണം വാങ്ങിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎമ്മും ബിജെപിയും ഒരുപോലെ പ്രതിസന്ധിയിലാണ്. തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചത് കോവിഡ് ഉള്ളത് കൊണ്ടാണ്. സിപിഎമ്മും ബിജെപിയും തമ്മില്‍ അവിഹിത ബന്ധമാണുള്ളതെന്നും സുധാകരന്‍ പറഞ്ഞു. അതിനിടെ വനംകൊള്ള അന്വേഷണ സംഘത്തില്‍ വീണ്ടും അഴിച്ചുപണി. വയനാട് ജില്ലയുടെ ചുമതലയുള്ള ഡിഎഫ്ഒ എ.ഷാനവാസിനെയാണ് സ്ഥലം മാറ്റിയത്. പകരം ഇടുക്കി, കോട്ടയം ജില്ലകളുടെ അന്വേഷണ ചുമതലയാണ് ഷാനവാസിന് നല്‍കിയത്. അതേസമയം ഇടുക്കി ഫ്ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ഷൈന്‍.പി.ടോം വയനാട്ടില്‍ അന്വേഷണം നടത്തുമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തിലെ തൃശൂര്‍, എറണാകുളം ജില്ലകളുടെ ചുമതലയുള്ള ഡിഎഫ്ഒ പി ധനേഷ് കുമാറിനെയും ഇന്ന് സ്ഥലം മാറ്റിയിരുന്നു. അന്വേഷണം നടക്കുന്ന ഘട്ടത്തിലെ ഈ അഴിച്ചുപണി വിവാദമായി സാഹചര്യത്തിലാണ് വീണ്ടും മറ്റൊരു ഉദ്യോഗസ്ഥനെകൂടി സ്ഥലംമാറ്റിയത്. എന്നാല്‍ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം സംബന്ധിച്ച് താന്‍ അറിഞ്ഞില്ലെന്നാണ് ഇത് സംബന്ധിച്ച് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചത്. അതേസമയം മുട്ടില്‍ മരംമുറി കേസില്‍ പ്രതികളെ കണ്ടിരുന്നെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. വനംമന്ത്രിയാകുന്നതിന് മുന്‍പായിരുന്നു കൂടിക്കാഴ്ചയെന്നും എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുട്ടിലില്‍ മരംമുറി നടന്നത് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ്. ഇതില്‍ വനംവകുപ്പിന് ഒരു പങ്കുമില്ല. വനഭൂമിയില്‍ നിന്നല്ല പട്ടയ ഭൂമിയില്‍ നിന്നാണ് മരംമുറിച്ചതെന്നും എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.