വാക്‌സിനായുള്ള കേരളത്തിന്റെ ആഗോള ടെന്‍ഡറില്‍ ആരും പങ്കെടുത്തില്ല

സംസ്ഥാനം കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഒരു കമ്പനി പോലും മുന്നോട്ടു വന്നില്ലെന്ന് കേരള സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് സംസ്ഥാനങ്ങള്‍ വിളിച്ച ആഗോള ടെന്‍ഡറുകള്‍ക്കും സമാനമായ പ്രതികരണമാണ് ലഭിച്ചതെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെയായിരുന്നു കേന്ദ്ര അനുമതിയോടെ ടെന്‍ഡര്‍ വിളിച്ചത്. വ്യാഴാഴ്ച ടെക്‌നിക്കല്‍ ബിഡ് തുറന്നു. എന്നാല്‍ ആരും താല്പര്യം കാണിച്ച് ടെന്‍ഡര്‍ സമര്‍പ്പിച്ചില്ല. കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനായിരുന്നു ടെന്‍ഡര്‍ വിളിച്ചത്.

അതേസമയം , വാക്‌സിന്‍ വിതരണത്തിന് വീണ്ടും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത് പരിഗണനയില്‍ ഇല്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാകും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്.