15 ആനകളുടെ യാത്ര എവിടേക്ക് ? ചൈനയിലേക്ക് ലോകം ഉറ്റുനോക്കുന്നു

15 ആനകളുടെ യാത്ര എവിടേക്ക്…? ലോകമാകെ ഉറ്റുനോക്കുകയാണ് ആനക്കൂട്ടത്തിന്റെ ദൈര്‍ഘ്യമേറിയ യാത്ര. 2020ല്‍ ആരംഭിച്ച യാത്ര ഇതുവരെ 500 കിലോമീറ്ററാണ് പിന്നിട്ടത്. ഇവരുടെ യാത്ര എവിടേക്ക് ആണെന്ന് മാത്രം ഇതുവരെ ആര്‍ക്കും മനസ്സിലാക്കാനായിട്ടില്ല. ആനക്കൂട്ടം യാത്രയ്ക്കിടെ കഴിഞ്ഞ തിങ്കളാഴ്ച ഷിയാങ് വനമേഖലയില്‍ വിശ്രമിക്കുന്ന ചിത്രം ലോകശ്രദ്ധ നേടി. കനത്ത മഴയെത്തുടര്‍ന്നു യാത്രയ്ക്കു വേഗം കുറഞ്ഞതോടെയാണ് ആനക്കൂട്ടം വിശ്രമിച്ചതെന്നാണ് നിഗമനം. 15 മാസത്തെ യാത്രയ്ക്കിടെ ആനക്കൂട്ടം വിശ്രമിക്കുന്നതിന്റെ ചിത്രം ആദ്യമായാണ് പ്രസിദ്ധീകരിക്കുന്നത്. ആനക്കൂട്ടത്തിന്റെ യാത്ര ചൈനീസ് ദൃശ്യമാധ്യമങ്ങള്‍ മുഴുവന്‍ സമയവും സംപ്രേഷണം ചെയ്യുന്നുണ്ട്.

ചൈന -മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള ഷിസുവാന്‍ബന്നയിലെ സംരക്ഷിത വനമേഖലയില്‍നിന്ന് 2020 മാര്‍ച്ചിലാണ് 15 ആനകള്‍ വടക്ക് ഭാഗത്തേക്ക് യാത്ര തുടങ്ങിയത്. ആനകള്‍ ഇവിടം വിട്ടുപോകാന്‍ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. യാത്ര 100 കിലോമീറ്റര്‍ പിന്നിട്ട ശേഷം ഏപ്രിലിലാണ് ചൈനതന്നെ ഇക്കാര്യം ശ്രദ്ധിച്ചത്. മുതിര്‍ന്ന 6 പെണ്ണും 3 ആണും 6 കുട്ടികളുമടങ്ങിയതായിരുന്നു ആനക്കൂട്ടം. ജൂണ്‍ആദ്യ വാരത്തില്‍ യുന്നാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ കുന്‍മിങ്ങിന്റെ പരിസരത്താണ് ആനക്കൂട്ടള്ളത്. 70 ലക്ഷം പേര്‍ പാര്‍ക്കുന്ന നഗരമാണ് കുന്‍മിങ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ആനക്കൂട്ടത്തെ വഴിതിരിച്ച് വിടാനുള്ള ശ്രമം നടക്കുന്നുണ്ട്. കുന്‍മിങ്ങിലും സമീപത്തെ യുക്‌സിയിലുമായി 700 പൊലീസുകാരെ പ്രത്യേകമായി വിന്യസിച്ചു.

പൈനാപ്പിള്‍, ചോളം തുടങ്ങി 10 ടണ്‍ തീറ്റ നഗരപ്രാന്തത്തിലിട്ട് ആനക്കൂട്ടത്തെ വഴിതിരിച്ചു വിടാനാണു കുന്‍മിങ്ങില്‍ ശ്രമം നടക്കുന്നത്. ഇത്തരത്തില്‍, ഇക്കഴിഞ്ഞ 15 മാസത്തിനിടെ 2 ലക്ഷം ടണ്‍ തീറ്റ സാധനങ്ങളാണ് ആനക്കൂട്ടത്തെ വഴിതിരിച്ചു വിടാന്‍ വിവിധ സ്ഥലങ്ങളിലിട്ടു കൊടുത്തത്. അടുത്ത രാജ്യാന്തര ജൈവവൈവിധ്യ കണ്‍വന്‍ഷന് വേദിയാകാനിരിക്കുന്നതും കുന്‍മിങ്ങാണ് എന്നതാണ് കൗതുകകരം. യാത്ര ലോകശ്രദ്ധ ആകര്‍ഷിച്ചതോടെ സുരക്ഷയ്ക്ക് പ്രത്യേക സംഘത്തെ തന്നെ ചൈന നിയോഗിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി 410 അംഗ സുരക്ഷാ സംഘമാണുള്ളത്.

76 കാറുകളും 9 ഡ്രോണുകളും ആനകളുടെ നീക്കം സദാസമയവും നിരീക്ഷിക്കുന്നു. ഒരു നേരം 8 പേരെയെങ്കിലും ഉറപ്പാക്കി, 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ആനക്കൂട്ടത്തിന്റെ ദൃശ്യം ചൈനീസ് സമൂഹ മാധ്യമമായ വെയ്‌ബോയില്‍ വൈറലാണ്. യാത്ര പൂര്‍ണമായി തടയാതെ ജനവാസ കേന്ദ്രങ്ങളില്‍ കടക്കാതിരിക്കാനാണ് അധികൃതര്‍ ശ്രദ്ധിക്കുന്നത്. വലിയ ലോറികളും മണ്ണുമാന്തികളുമൊക്കെ വഴിയില്‍ തടസ്സങ്ങളായി വയ്ക്കുന്നുണ്ട്.

ആനയെ ആകര്‍ഷിക്കുന്ന ചോളമോ ഉപ്പോ വീടിനു പുറത്തു വയ്ക്കരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. പടക്കം പൊട്ടിച്ചോ വലിയ ശബ്ദമുണ്ടാക്കിയോ ഇവയെ പരിഭ്രാന്തരാക്കി ഓടിക്കരുതെന്നും നിര്‍ദേശമുണ്ട്. ഭക്ഷണത്തിനായി വീടുകളിലും കൃഷിയിടങ്ങളിലും മാത്രമല്ല, കാര്‍ ഡീലര്‍ ഷോറൂമിലും വയോജന കേന്ദ്രത്തിലും വരെ ആനക്കൂട്ടം എത്തിയിരുന്നു. ഇതുവരെ ആരെയും ഉപദ്രവിച്ചതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ ആനസവാരി ഇതിനകം 8 കോടിയോളം രൂപയുടെ കൃഷി നഷ്ടമുണ്ടാക്കിയതായാണ് ചൈന ഔദ്യോഗികമായി നല്‍കുന്ന വിവരം. ഷിസുവാന്‍ബന്നയിലെ സംരക്ഷിത വനമേഖലയില്‍ തീറ്റ കുറഞ്ഞതോടെ ആനകള്‍ കാടു വിട്ടു പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയതാകാമെന്നാണ് ഒരു നിഗമനം. പുറത്തേക്കിറങ്ങിയ ആനക്കൂട്ടത്തിനു വഴി തെറ്റിയതോടെ യാത്ര തുടരുന്നതാകാമെന്നും അവര്‍ പറയുന്നു.

കൂട്ടംകൂടിയുള്ള ജീവിതവും ഇഷ്ടപ്പെടുന്ന ആനകള്‍ അവരുടെ നേതാവിനെ നഷ്ടപ്പെട്ടാലും സമാനമായ രീതിയില്‍ അലയാറുണ്ടെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നു. 15 ആനകളുള്ളതിനാല്‍ തടഞ്ഞു നിര്‍ത്തി മയക്കുവെടി വച്ച ശേഷം വാഹനത്തില്‍ കയറ്റി തിരിച്ചെത്തിക്കുക പ്രയാസമാണെന്നും അവര്‍ പറയുന്നു. ഇത്തരം നടപടി ആനക്കൂട്ടത്തെ പരിഭ്രാന്തിയിലാക്കാനും നാശനഷ്ടങ്ങള്‍ക്കിടയാക്കാനും സാധ്യതയുണ്ട്.2020 മാര്‍ച്ചില്‍ യാത്ര പുറപ്പെടുമ്പോള്‍ 16 ആനകളുണ്ടായിരുന്നു. നവംബറില്‍ യുനാനിലെ വനത്തില്‍ വച്ച് ഇതില്‍ ഒരു ആന പ്രസവിച്ചതായും 5 മാസം ഇവിടെ കഴിഞ്ഞ ശേഷം ഏപ്രില്‍ 16ന് യാത്ര തുടരുകയായിരുന്നുവെന്നും ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്ര പുനഃരാരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോള്‍, 2 ആനകള്‍ കൂട്ടം വിട്ടുപോയതായും പറയുന്നു. മറ്റൊരു കൊമ്പനാന 4 കിലോമീറ്റര്‍ പുറകിലായാണിപ്പോഴുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്.