മലയാളി പെണ്‍കുട്ടിയ്ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി

അമിക ജോര്‍ജ്ജ് എന്ന 21കാരിയ്ക്ക് ആണ് ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി ലഭിച്ചത്. മെംബര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ (എംബിഇ) എന്ന പദവിയാണ് ഈ മലയാളി പെണ്‍കുട്ടിയെ തേടിയെത്തിയത്.പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയതിനാണ് അവാര്‍ഡ്. 17-ാം വയസ്സില്‍ ആരംഭിച്ച അമികയുടെ ‘ആര്‍ത്തവ ദാരിദ്ര്യ’പ്രചരണത്തെ തുടര്‍ന്ന് യുകെ ഗവണ്‍മെന്റ് പിന്നീട് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഇംഗ്ലണ്ടിലെ കോളേജുകളിലും ആര്‍ത്തവ സംബന്ധമായ അവശ്യ വസ്തുക്കള്‍ സൗജന്യമായി നല്‍കിയിരുന്നു. വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങള്‍ക്കാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അമികയ്ക്ക് എംബിഇ ബഹുമതി നല്‍കി ആദരിച്ചത്. എംബിഇ വാഗ്ദാനം ചെയ്തുള്ള ഇമെയില്‍ തന്നെ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തുവെന്ന് അമിക പറയുന്നു.

ഈ പദവി തന്റെ പേരിനൊപ്പം ചേര്‍ക്കണോ എന്ന് സ്വയം ചോദിച്ചുവെന്നും അമിക ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ രാഷ്ട്രീയത്തിലും ആക്ടിവിസത്തിലും ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം കുറവായതിനാല്‍ താന്‍ ഈ അവാര്‍ഡ് സ്വീകരിക്കുന്നതായി അമിക വ്യക്തമാക്കി.സാനിട്ടറി പാഡുകള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ എല്ലാ മാസവും ഒരാഴ്ച സ്‌കൂളില്‍ പോകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥിനികളുടെ അവസ്ഥയെക്കുറിച്ചും ആര്‍ത്തവ ദാരിദ്രത്തെക്കുറിച്ചും വായിച്ച് അറിഞ്ഞതിന് ശേഷമാണ് അമിക ഈ മേഖലയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ‘ഫ്രീ പീരിഡ്‌സ്” എന്ന ഹാഷ്ടാഗില്‍ സമൂഹ മാധ്യമങ്ങളിലൂടെ അമികയാരംഭിച്ച പ്രചാരണ പരിപാടിയാണ് ലോകശ്രദ്ധയാകര്‍ഷിച്ചത്. രാജ്ഞിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ജൂണിലാണ് എംബിഇ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിലെ വീരന്മാരെ ആദരിക്കാന്‍ ജോര്‍ജ് അഞ്ചാമന്‍ രാജാവ് 1917ല്‍ ഏര്‍പ്പെടുത്തിയതാണ് എംബിഇ പുരസ്‌ക്കാരം.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ അമികയുടെ പ്രധാന പഠന വിഷയം ഇന്ത്യന്‍ കൊളോണിയല്‍ ചരിത്രവും അടിമക്കച്ചവടവുമാണ്. ആക്റ്റിവിസവും പഠനവും ഒരുമിച്ച് കൊണ്ടു പോകാനാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ശ്രമിച്ച് കൊണ്ടിരുന്നതെന്നും ഇനി ഒരു ഇടവേള എടുക്കാനാണ് ആ?ഗ്രഹിക്കുന്നതെന്നും അമിക പറയുന്നു. പത്തനംതിട്ടയിലെ കുമ്പളാംപൊയ്ക സ്വദേശിയാണ് അമികയുടെ അച്ഛന്‍ ഫിലിപ്പ് ജോര്‍ജ്ജ്. അമ്മ നിഷ കൊല്ലം സ്വദേശിനിയാണ്. ബ്രിട്ടീഷ്-ഇന്ത്യന്‍ വംശജയായ അമിക ജോര്‍ജ്ജ് 2018ല്‍ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 25 കൗമാരക്കാരുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. 2017 അവസാനത്തോടെ ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് അമിക സംഘടിപ്പിച്ച ഒരു പ്രതിഷേധ പരിപാടിയില്‍ രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്തു.സര്‍ക്കാരിനായുള്ള നിവേദനത്തില്‍ 180,000 ഒപ്പുകള്‍ ലഭിച്ചു. തുടര്‍ന്ന് 2020 ല്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ആവശ്യമുള്ളത്ര ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി എത്തിക്കാന്‍ അമികയ്ക്ക് കഴിഞ്ഞു. എന്നാല്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ സാനിട്ടറി പാഡുകള്‍ വാങ്ങാന്‍ കഴിയാത്ത നിരവധിയാളുകളുണ്ടെന്ന് അമിക പറയുന്നു. ലോക്ക്ഡൗണ്‍ സമയത്തും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രാദേശിക സ്‌കൂളുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി ലഭ്യമാക്കിയിരുന്നു. എന്നാല്‍ പലര്‍ക്കും ഇക്കാര്യം അറിയാതെ പോയിയെന്ന് അമിക ജോര്‍ജ്ജ് ബിബിസിയോട് പറഞ്ഞു.