സീതയായി കരീന വേണ്ട, ഹിന്ദുനടി മതി’ എതിര്‍പ്പുമായി സംഘ പരിവാര്‍

കരീന കപൂറിനെ സീതയാക്കാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുമായി സംഘ് പരിവാര്‍. സീതയായി അഭിനയിക്കാന്‍ ഹിന്ദുനടി മതി എന്നാണ് സംഘ്പരിവാറിന്റെ ആവശ്യം. നിരവധി പേരാണ് ഈയാവശ്യം ട്വിറ്ററില്‍ ഉയര്‍ത്തിയത്. ബോയ്ക്കോട്ട് കരീന കപൂര്‍ ഖാന്‍ എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ട്രന്‍ഡിങ്ങാണ്. രാമായാണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സീത ദ ഇന്‍കാര്‍നേഷനി’ല്‍ സീതയാകാന്‍ കഴിഞ്ഞ ദിവസമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കരീനയെ സമീപിച്ചത്. വേഷം ചെയ്യാന്‍ നടി 12 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വാര്‍ത്ത പങ്കുവച്ചാണ് സംഘ്പരിവാര്‍ നടിക്കെതിരെ തിരിഞ്ഞത്.

സീതയേക്കാള്‍ ശൂര്‍പ്പണഖയുടെ വേഷമാണ് കരീനയ്ക്ക് ചേരുകയെന്ന് ഒരു ട്വിറ്റര്‍ യൂസര്‍ പ്രതികരിച്ചു. സീതയുടെ റോള്‍ അവര്‍ അര്‍ഹിക്കുന്നില്ല, അതു കൊണ്ട് കരീനയെ ബഹിഷ്‌കരിക്കുന്നു എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്. ഹൈന്ദവ ദൈവങ്ങളെ ആദരിക്കാത്ത ഒരു നടി ഈ വേഷം ചെയ്യരുത് എന്നാണ് മറ്റൊരാള്‍ ട്വീറ്റ് ചെയ്തത്. തൈമൂര്‍ ഖാന്റെ അമ്മയായ കരീന എങ്ങനെയാണ് ഈ വേഷം ചെയ്യുക എന്നായിരുന്നു ഒരാളുടെ ചോദ്യം. ഫെബ്രുവരി അവസാന വാരമാണ് ചിത്രത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപനം നടത്തിയത്. രാവണനായി രണ്‍വീര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കെവി വിജയേന്ദ്ര പ്രസാദ് ആണ് കഥയും തിരക്കഥയും. അതേസമയം കപൂര്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കരീന ഹിന്ദു ആണെന്ന വിവരം പോലും ഇല്ലാത്തവര്‍ ആണോ എന്നാണ് മറു ചോദ്യം. ബോളിവുഡ് താരം സൈഫ് അലി ഖാനെ വിവാഹം ചെയ്തു എങ്കിലും കരീന മതം മാറിയതായി ഇതുവരെ സ്ഥിതീകരണം ലഭിച്ചിട്ടില്ല.