ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനം സൗദിയിലുളളവര്‍ക്കുമാത്രം ; വിദേശികള്‍ക്ക് അനുമതിയില്ല

ഈ വര്‍ഷവും ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുമതിയില്ല. ഇത്തവണത്തെ ഹജ്ജിന് 60000 പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് താമസിക്കുന്ന ആളുകള്‍ക്ക് മാത്രമാണ് തീര്‍ത്ഥാടനത്തിന് അനുമതിയെന്ന് സൗദി അറേബ്യ ശനിയാഴ്ച അറിയിച്ചു. ജൂലൈ പകുതിയോടെ ആരംഭിക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് 18 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മാത്രമല്ല രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ഇത്തവണ അനുമതി നല്‍കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. എല്ലാ വര്‍ഷവും തീര്‍ത്ഥാടകര്‍ക്ക് ആതിഥ്യമരുളുന്ന സൗദി അറേബ്യ തീര്‍ത്ഥാടകരുടെ ആരോഗ്യം, സുരക്ഷ, രാജ്യങ്ങളുടെ സുരക്ഷ എന്നിവ കണക്കിലെടുത്താണ് ഈ ക്രമീകരണം നടത്തിയിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഹജ്ജില്‍ സൗദി അറേബ്യയില്‍ താമസിക്കുന്ന ആയിരത്തോളം പേരെയാണ് പങ്കെടുക്കാന്‍ അനുവദിച്ചത്. പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ട് ഭാഗവും 160 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളായിരുന്നു. മൂന്നിലൊന്ന് പേരും സൗദി സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കല്‍ ജീവനക്കാരുമായിരുന്നു. സൗദി അറേബ്യയാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വരുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിയമങ്ങള്‍ തീരുമാനിക്കുന്നത്. നിലവില്‍ സൗദിയിലേക്ക് പ്രവേശിക്കണമെങ്കില്‍ സൗദി സര്‍ക്കാര്‍ അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കേണ്ടതുണ്ട്. ഫൈസര്‍, അസ്ട്രാസെനിക, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് സൗദി അംഗീകരിച്ച വാക്സിനുകള്‍. അതേസമയം ഇന്ത്യയിലും ചൈനയിലും നിര്‍മ്മിക്കുന്ന വാക്സിനുകള്‍ക്ക് സൗദി ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

കോവിഡ് പ്രോട്ടോകോളുകളും നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടായിരിക്കും പുണ്യ കര്‍മങ്ങള്‍ നിര്‍വഹിക്കുക. ഇസ്ലാം മത വിശ്വാസമനുസരിച്ച് വളരെ പ്രധാനപ്പെട്ട അഞ്ചു പുണ്യ കര്‍മങ്ങളില്‍ ഒന്നാണ് ഹജ്ജ്. കഴിവുള്ള വിശ്വാസികള്‍ ജീവിതത്തില്‍ ഒരു തവണയെങ്കിലും ഹജ്ജ് കര്‍മം നിര്‍വഹിക്കണം എന്നാണ് ഇസ്ലാം പറയുന്നത്. കോവിഡിന് മുമ്പുള്ള വര്‍ഷങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25 ലക്ഷം ഇസ്ലാം മതവിശ്വാസികള്‍ ഹജ്ജില്‍ പങ്കെടുക്കാനെത്തുമായിരുന്നു. അതേസമയം ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന ഹജ്ജ് കമ്മറ്റികളും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കായി സജജമാണെന്നും ഇത് സംബന്ധിച്ച് സൗദി അറേബ്യയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും കേന്ദ്ര ന്യൂന പക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹജ്ജ് സംബന്ധിച്ച് സൗദി കൈക്കൊള്ളുന്ന തീരുമാനം ഇന്ത്യ അംഗീകരിക്കുമെന്നാണ് നഖ്വി പറഞ്ഞത്.