ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതക ദൃശ്യം പകര്‍ത്തിയ പെണ്‍കുട്ടിക്ക് പ്രത്യേക പുലിറ്റ്സര്‍ പുരസ്‌ക്കാരം

ലോകം ഞെട്ടിയ ആ നിമിഷങ്ങള്‍ പകര്‍ത്തിയ  പെണ്‍കുട്ടിക്ക് പുലിറ്റ്സര്‍ പ്രൈസില്‍ പ്രത്യേക പുരസ്‌കാരം. അവളിലൂടെയാണ് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് എതിരെ ഇപ്പോഴും അരങ്ങേറുന്ന ക്രൂരത ലോകം അറിഞ്ഞത്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകമാണ് ഡാര്‍നെല്ല ഫ്രേസിയര്‍ എന്ന പതിനെട്ട് വയസുകാരി പകര്‍ത്തിയത്. ലോകത്ത് നടക്കുന്ന പൊലീസ് ക്രൂരതകള്‍ക്കെതിരെ വിരല്‍ചൂണ്ടാന്‍ പ്രചോദനമാകുന്നതാണ് ഫ്രേസിയര്‍ പകര്‍ത്തിയ വിഡിയോ എന്ന് പുലിറ്റ്സര്‍ ബോര്‍ഡ് അംഗം പറഞ്ഞു.

കൊലപാത ദൃശ്യം ഡാര്‍നെല്ല ഫ്രേസിയര്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. വ്യാജ കറന്‍സി കൈവശം വച്ചെന്ന് ആരോപിച്ചാണ് 2020 മെയ് 25ന് ജോര്‍ജ് ഫ്ളോയിഡിനെ ഡെറക് ഷോവിന്‍ എന്ന വെള്ളക്കാരനായ പൊലീസ് കാല്‍മുട്ട് കൊണ്ട് കഴുത്തുഞെരിച്ച കൊന്നത്. മിനസോട്ടയിലെ മിനിയാപൊളിസ് നഗരത്തില്‍ നടന്ന സംഭവം ലോകമെങ്ങും വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. അവസാനമായി ജോര്‍ജ്ജ് പറഞ്ഞ വാക്യങ്ങള്‍ ആയ ‘ i can’t breathe’ പ്രതിഷേധം അമേരിക്കയില്‍ ഏറെനാള്‍ അലയടിച്ചിരുന്നു.