ആലത്തൂരില്‍ കയറിയാല്‍ കാല് വെട്ടും ; രമ്യ ഹരിദാസിന് വധഭീഷണി

ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് വധഭീഷണി. ആലത്തൂരിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെയാണ് പരാതി. റോഡില്‍ തടഞ്ഞു നിര്‍ത്തി വധഭീഷണി മുഴക്കിയെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ആലത്തൂരില്‍ കയറിയാല്‍ തന്റെ കാല് വെട്ടുമെന്നു ഭീഷണിയപ്പെടുത്തിയെന്നും രമ്യ ഫേസ്ബുക്കില്‍ കുറിച്ചു. ‘ഇന്ന് ഉച്ച കഴിഞ്ഞ് ആലത്തൂരിലെ എന്റെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകര്‍മസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാന്‍ ചെന്ന എന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാല്‍ അറയ്ക്കുന്ന തെറി.സാമൂഹ്യ സന്നദ്ധ സേവനത്തിന് നല്‍കിയ പേരാണത്രേ പട്ടി ഷോ..

സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇഎംഎസിന്റെ ജന്മദിനത്തില്‍ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരന്‍ അവന്റെ തനിനിറം പുറത്തെടുത്തു. ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക് ഇടത് പക്ഷക്കാര്‍ മാറിക്കഴിഞ്ഞോ? എന്നും ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ രമ്യ ചോദിക്കുന്നു. വെട്ടേറ്റ കാലും മുറിഞ്ഞു വീണ കൈപ്പത്തികളുമായി സാമൂഹ്യ സേവനം നടത്താന്‍ ഞാന്‍ സന്നദ്ധയാണ്.ജനസേവനത്തിന് ഇടയില്‍ വെടിയേറ്റു വീഴുന്ന ഓരോ ചോരയും ഈ രാജ്യത്തിന് കരുത്തേകും എന്നുപറഞ്ഞ ഇന്ദിരാജിയുടെ പിന്‍ഗാമിയാണ് ഞാന്‍.സഞ്ചരിക്കാനുള്ള എന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും തെറി വിളികളുമായി പൊതുസമൂഹത്തില്‍ അപമാനിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും രമ്യ പറയുന്നു.

അതേസമയം രമ്യ ഹരിദാസ് എംപി വഴിതടഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രമ്യാ ഹരിദാസ് എം പി. യെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് തന്നെ ഞെട്ടിച്ചെന്നും ഇത്തരം ധിക്കാരപരമായ നടപടികള്‍ യുഡിഎഫ് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തില്‍ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്നും വി.ഡി. സതീശന്‍ കൂട്ടിചേര്‍ത്തു.