കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നു

നഷ്ടത്തില്‍ നിന്നും കരയ്ക്ക് കയറാന്‍ സംസ്ഥാനവ്യാപകമായി കെ.എസ്.ആര്‍.ടി.സി പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്നാണ് പമ്പുകള്‍ തുടങ്ങുക. ആദ്യഘട്ടത്തില്‍ എട്ട് പമ്പുകളാണ് തുടങ്ങുക എന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പമ്പുകള്‍ ആരംഭിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ നിലവിലുള്ള ഡീസല്‍ പമ്പുകള്‍ക്കൊപ്പം പെട്രോള്‍ യൂണിറ്റ് കൂടി ചേര്‍ത്താണ് പമ്പുകള്‍ തുടങ്ങുന്നത്.

ആദ്യ എട്ട് പമ്പുകള്‍ നൂറ് ദിവസത്തിനുള്ളില്‍ തുടങ്ങും. ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, ഗുരുവായൂര്‍, തൃശൂര്‍, ആറ്റിങ്ങല്‍, നെടുമങ്ങാട്, ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളില്‍ പമ്പുകള്‍ തുടങ്ങുക. രണ്ടാം ഘട്ടത്തില്‍ കോഴിക്കോട്, മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും നിലവിലുള്ള ഡീസല്‍ പമ്പുകള്‍ക്കൊപ്പം പെട്രോള്‍ പമ്പുകള്‍ ആരംഭിക്കും.