അയോധ്യ രാമക്ഷേത്ര ഭൂമി ഇടപാടില്‍ വന്‍ അഴിമതി
രാമക്ഷേത്ര നിര്‍മ്മാണത്തിനായി അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റ് നടത്തിയ ഭൂമി ഇടപാടില്‍ കോടികളുടെ അഴിമതി. ഭൂമി കച്ചവടക്കാര്‍ 2 കോടി രൂപക്ക് രജിസ്റ്റര്‍ ചെയ്ത ഭൂമി അതേദിവസം പത്ത് മിനിറ്റിനുള്ളില്‍ പതിനെട്ടര കോടി രൂപക്ക് ക്ഷേത്രം ട്രസ്റ്റ് വാങ്ങിയതിന്റെ രേഖകള്‍ പ്രതിപക്ഷം പുറത്തുവിട്ടു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ്, ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് സമാജ്വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചത്. മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ 1.208 ഹെക്ടര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ രാമജന്മഭൂമി ട്രസ്റ്റിന് 18.5 കോടിക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം.
രണ്ട് ഇടപാടുകള്‍ക്കിടയിലെ സമയം പത്തു മിനിറ്റില്‍ താഴെയാണ്. ഈ കുറഞ്ഞ സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് അനേകം ഇരട്ടിയായി വര്‍ധിച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വിശദീകരിക്കണമെന്ന് മുന്‍ മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ പവന്‍ പാണ്ഡെ ആവശ്യപ്പെട്ടിരുന്നു. ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്ങും ട്രസ്റ്റിനെതിരെ അഴിമാതിയാരോപണം ഉന്നയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാട് ഉള്‍പ്പെടെ സംശയിക്കണമെന്നും സംഭവം സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ബാബാ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹന്‍ തിവാരി, സുല്‍ത്താന്‍ അന്‍സാരി എന്നിവര്‍ക്ക് വില്‍പന നടത്തിയത്. ഇവരില്‍ നിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്. ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഈ ട്രസ്റ്റാണ്.15 അംഗ സമിതിയില്‍ 12 പേരും കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തവരാണ്.
അതേസമയം രാമക്ഷേത്രത്തിനായി ഭൂമി വാങ്ങിയതില്‍ വന്‍ക്രമക്കേട് നടന്നുവെന്ന ആരോപണമുയരവെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രയങ്ക ഗാന്ധി. കോടിക്കണക്കിനുവരുന്ന ജനങ്ങള്‍ ഭഗവാന്റെ കാല്‍ക്കല്‍ കാണിക്കയായി പണം നല്‍കിയത് അവരുടെ വിശ്വാസവും ഭക്തിയും കൊണ്ടാണ്. ആ പണം തെറ്റായ രീതിയില്‍ ചെലവഴിക്കപ്പെട്ടത് പാപമാണെന്ന് മാത്രമല്ല, വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. എന്നാല്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം എന്നാണ് ബിജെപിയും ക്ഷേത്രം ട്രസ്റ്റും വിഷയത്തില്‍ പ്രതികരിച്ചത്.