ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു ; മരണസംഖ്യയില്‍ കുറവില്ല

ഒരു വശത്തു ദിനം പ്രതി ഉള്ള കേസുകള്‍ കുറയുമ്പോള്‍ മരണ സംഖ്യ ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. രാജ്യത്ത് ഏപ്രില്‍ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 72 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 2,95,10,410 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,81,62,947 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 9,73,158 സജീവ കേസുകളാണുള്ളത്.

രോഗപരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 14,92,152 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 37,96,24,626 സാമ്പിളുകളും പരിശോധിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നുണ്ടെങ്കിലും മരണസംഖ്യ വര്‍ധിച്ചു വരുന്നതാണ് രാജ്യത്ത് ആശങ്ക ഉയര്‍ത്തുന്നത്. കഴിഞ്ഞ ഒറ്റദിവസത്തിനിടെ 3,921 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളുടെ എണ്ണം 3,74,305 ആയി ഉയര്‍ന്നു.

രണ്ടാഴ്ച തുടര്‍ച്ചയായി കുറഞ്ഞ് നിന്ന കോവിഡ് മരണക്കണക്ക് ഇക്കഴിഞ്ഞയാഴ്ച കുത്തനെ കൂടിയിരുന്നു. മരണക്കണക്കില്‍ 19% വര്‍ധനവാണ് കഴിഞ്ഞു പോയ ആഴ്ച മാത്രം രേഖപ്പെടുത്തിയത്. ബീഹാറില്‍ മരണക്കണക്ക് പുതുക്കിയതാണ് ഈയാഴ്ച മരണക്കണക്കില്‍ ഇത്രയും വര്‍ധനവുണ്ടാകാന്‍ ഇടയാക്കിയത്. കഴിഞ്ഞ മൂന്നാഴ്ച രേഖപ്പെടുത്തിയ ആകെ മരണസംഖ്യയില്‍ പകുതിയില്‍ കൂടുതലും അവസാന ഏഴ് ദിവസങ്ങളില്‍ സ്ഥിരീകരിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ കേസുകളുടെ എണ്ണത്തില്‍ കുറവ് ഉണ്ട് എങ്കിലും മരണ സംഖ്യ ഉയരുകയാണ്.