വാഹനാപകടത്തില്‍ മരിച്ച ടെലിവിഷന്‍ വാര്‍ത്താ അവതാരകനെ മദ്യമാഫിയ കൊലപ്പെടുത്തി എന്ന് സംശയം
വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ടെലിവിഷന്‍ വാര്‍ത്താ അവതാരകനെ മദ്യമാഫിയ കൊലപ്പെടുത്തി എന്ന് സംശയം. രണ്ടു ദിവസം മുമ്പ് വ്യാജമദ്യ മാഫിയ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സുലഭ് ശ്രീവാസ്തവയാണ് അപകടത്തില്‍ മരിച്ചത്. സുലഭ് ശ്രീവാസ്തവയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷം മാത്രമെ കൊലപാതകമാണോയെന്ന് പറയാനാകുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മോട്ടോര്‍ ബൈക്ക് ഓടിക്കുന്നതിനിടെ ഞായറാഴ്ച രാത്രി പത്തിനും പതിനൊന്നിനും ഇടയിലാണ് സുലഭ് അപകടത്തില്‍പ്പെട്ടത്.
മഴയത്ത് ബൈക്ക് തെന്നിമാറി അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പൊലീസ് പറയുന്നത്. സമീപത്ത് ഉണ്ടായിരുന്ന ഇഷ്ടിക ചൂളയിലെ തൊഴിലാളികളാണ് ഗുരുതരമായി പരിക്കേറ്റ സുലഭിനെ കണ്ടെത്തുന്നത്. ബോധരിഹതനായിരുന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് അപകട കാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബോധരഹിതനായതിനാല്‍ സുലഭ് ശ്രീവാസ്തവയുടെ മൊഴി എടുക്കാന്‍ സാധിച്ചില്ല. അപകട സ്ഥലം പൊലീസ് വിശദമായി പരിശോധിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെയന്ന് പരിശോധിച്ചു വരികയാണ്”- പ്രതാപ്ഗഡ് പൊലീസ് സൂപ്രണ്ട് അറിയിച്ചു.
സുലഭ് ശ്രീവാസ്തവയുടെ മരണം ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര യുപി സര്‍ക്കാരിനെതിരെ രംഗത്തെത്തി. ‘സംസ്ഥാനത്ത് മദ്യ മാഫിയ പിടിമുറുക്കുകയാണ്. അലിഗഡിലും ഇപ്പോള്‍ പ്രതാപ്ഗഡിലും മദ്യമാഫിയയുടെ പ്രവര്‍ത്തനം വ്യാപകമായി. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ സത്യം തുറന്നുകാട്ടണം, അപകടത്തെക്കുറിച്ച് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കണം, പക്ഷേ സര്‍ക്കാര്‍ ഉറങ്ങുകയാണ്. ജംഗിള്‍ രാജിനെ പരിപോഷിപ്പിക്കുന്ന യുപി സര്‍ക്കാരിന് മാധ്യമപ്രവര്‍ത്തകന്‍ സുലഭ് ശ്രീവാസ്തവയുടെ കുടുംബാംഗങ്ങളുടെ കണ്ണുനീരിന് എന്തെങ്കിലും ഉത്തരം ഉണ്ടോ? ‘- പ്രിയങ്ക ഗാന്ധി ട്വീറ്റിലൂടെ ചോദിച്ചു.