അസമില്‍ കുടങ്ങിക്കിടക്കുന്ന ടൂറിസ്റ്റ് ബസിലെ മലയാളി യുവാവ് ആത്മഹത്യ ചെയ്തു
കേരളത്തില്‍ നിന്നും പോയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ അസമില്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് ആത്മഹത്യ ചെയ്തത്. ശ്രീറാം ട്രാവല്‍സിലെ ജീവനക്കാരനായ ഇയാള്‍ ബസിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. കൊറോണ രണ്ടാം വേവ് വ്യാപനത്തിന്റെ തുടക്കത്തില്‍ അതിഥി തൊഴിലാളികളുമായി അസമിലേക്ക് പോയതായിരുന്നു അഭിജിത്ത് ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് ബസ് ജീവനക്കാര്‍. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലെത്താനാകാതെ അഭിജിത്തും സംഘവും അസമില്‍ കുടുങ്ങുകയായിരുന്നു.
മടങ്ങിവരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അഭിജിത്ത്. കേരളത്തില്‍ നിന്നും പോയ നിരവധി ബസുകള്‍ അസമിലും ബംഗാളിലും കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം തൃശൂരില്‍ നിന്നുളള ബസ് ഡ്രൈവറായ നജീബ് എന്ന യുവാവ് ബംഗാളില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാനാണ് ടൂറിസ്റ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സര്‍വീസ് നടത്തിയത്.
അസമിലും ബംഗാളിലുമായി 495 സ്വകാര്യ ടൂറിസ്റ്റ് ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്. അതേസമയം ഇവരെ നാട്ടില്‍ എത്തിക്കുവാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് പരക്കെ ആരോപണം ഉണ്ട്. മുഖ്യമന്ത്രിയും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ഇവരോട് സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഉടനെ വഴി കണ്ടില്ല എങ്കില്‍ ആത്മഹത്യകള്‍ ഇനിയും ഉണ്ടാകും എന്നാണ് ഇവരുടെ ബന്ധുക്കള്‍ പറയുന്നത്. ആഹാരത്തിനു പോലും പലരുടെയും കയ്യില്‍ പണം ഇല്ലാത്ത അവസ്ഥയാണ് എന്നും അവര്‍ പറയുന്നു.