മദ്യശാല തുറന്നതിന്റെ ആഘോഷം ; മദ്യലഹരിയില്‍ നാലംഗ സംഘം വഴിയാത്രക്കാരനെ കുത്തിക്കൊന്നു
മദ്യശാലകള്‍ തുറന്നതിന് പിന്നാലെ മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വഴിയാത്രക്കാരനായ യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നു. കുത്തേറ്റ മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്ത് തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ശുചീന്ദ്രം പറക്ക ചര്‍ച്ച് തെരുവ് സ്വദേശി അയ്യപ്പന്‍ (24) ആണ് മരിച്ചത്. അയ്യപ്പന്റെ സുഹൃത്ത് എം എം കെ നഗര്‍ സ്വദേശി സന്തോഷ് (24) ആണ് കുത്തേറ്റ് ചികിത്സയിലുള്ളത്. അയ്യപ്പനും സന്തോഷും ബൈക്കില്‍ വരുന്നതിനിടെ പെരിയക്കുളത്ത് എത്തിയപ്പോള്‍ നാലംഗ സംഘം റോഡിനരികില്‍ ഇരുന്ന് മദ്യപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് ഇരുവരും ചേര്‍ന്ന് ചോദ്യം ചെയ്തു. തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷത്തിനിടെ സംഘത്തിലൊരാള്‍ കത്തിയെടുത്ത് സന്തോഷിനെയും അയ്യപ്പനെയും കുത്തുകയുമായിരുന്നു.
കുത്തേറ്റ് ഇരുവരും വീണതോടെ സംഘം ഓടി രക്ഷപ്പെട്ടു. നാട്ടുകാരാണ് രണ്ടു പേരെയും നാഗര്‍കോവില്‍ ആശാരി പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അയ്യപ്പന്‍ മരിച്ചിരുന്നു. സന്തോഷ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്‍, കന്യാകുമാരി ഡി എസ് പി ഭാസ്‌കരന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. ശുചീന്ദ്രം പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കന്യാകുമാരി ഡി എസ് പി ഭാസ്‌കരന്റെ നേതൃത്വത്തില്‍ രണ്ട് സ്പെഷ്യല്‍ ടീം രൂപീകരിച്ച് പ്രതികളെ അന്വേഷിച്ചുവരുന്നു. അയ്യപ്പന്‍ ആറുമാസം മുന്‍പാണ് വിവാഹിതനായത്.
കോവിഡ് കേസുകളില്‍ കുറവ് വന്ന് തുടങ്ങിയതോടെ തമിഴ്‌നാട് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രധാനപ്പെട്ടത് 27 ജില്ലകളില്‍ മദ്യശലകള്‍ തുറക്കാനുള്ള തീരുമാനമായിരുന്നു. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കിടെയാണ് ജില്ലകളില്‍ മദ്യശാലകള്‍ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. ഇതിനിടെ മദ്യം വാങ്ങാന്‍ എത്തിയ ആള്‍ കുപ്പി ദീപത്തിന് മുന്നില്‍വെച്ച് ആരാധിക്കുന്ന വീഡിയോ വൈറലായിരുന്നു. കേരളത്തിലും ബിവറേജ് തുറക്കാന്‍ തീരുമാനം ആയിട്ടുണ്ട്. ബെവ്കോ ആപ്പ് വഴിയാണ് മദ്യവിതരണത്തിനു അനുമതി നല്‍കിയിട്ടുള്ളത്.