ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം ; ആവശ്യവുമായി സാമുദായിക സംഘടനകള്‍
സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി സാമുദായിക സംഘടനകള്‍. പ്രാദേശിക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ടിപിആര്‍ അനുസരിച്ച് ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ പോസിറ്റിവിറ്റി കുറവുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ ആവശ്യപ്പെട്ടു. രോഗ വ്യാപന തോത്, പള്ളികളുടെ വിസ്തൃതി എന്നിവ പരിഗണിച്ച് നിയന്ത്രണങ്ങള്‍ പാലിച്ച് ജുമുഅയും സംഘടിത നമസ്‌കാരങ്ങളും നടത്താന്‍ അനുമതി നല്‍കണമെന്ന് സമുദായിക നേതാക്കള്‍ ആവശ്യപ്പെട്ടു.
പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ഓണ്‍ലൈന്‍ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി, വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സെക്രട്ടറിമാരായ സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, വി.എ.സി കുട്ടി ഹാജി പാലക്കാട്, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, തോന്നക്കല്‍ ജമാല്‍ തിരുവനന്തപുരം എന്നിവര്‍ പങ്കെടുത്തു. ടി.പി.ആര്‍ കുറവുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം എന്നാണ് എ പി വിഭാഗം സമസ്ത ആവശ്യപ്പെടുന്നത്. പള്ളികള്‍ നിയന്ത്രണങ്ങളോടെ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ക്രൈസ്തവ ദേവാലയങ്ങള്‍ ആരാധനയ്ക്കായി തുറക്കുവാനുള്ള അനുവാദം ഉടനടി അനുവദിക്കണമെന്ന് കാത്തലിക്ക് ഫോറം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. രണ്ടാം ലോക് ഡൗണ്‍ ഇളവുകള്‍ അനുവദിച്ചു തുടങ്ങുമ്പോള്‍ മദ്യശാലകളും, വ്യാപാരസ്ഥാപനങ്ങളും അവശ്യ സര്‍വീസുകളു മൊക്കെ തുറന്നു കൊടുക്കുമ്പോള്‍ ആരാധനാലയം വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുവാന്‍ കാണിക്കുന്ന വൈമനസ്യം വേദന ഉളവാക്കുന്നതാണ്. വിവാഹം, മൃതസംസ്‌കാരം തുടങ്ങിയ കാര്യങ്ങള്‍ക്കായി 20 പേരില്‍ നിയന്ത്രിച്ചുകൊണ്ട് അനുവാദം കൊടുക്കുന്നത് പോലെ തന്നെ ആരാധനയ്ക്കായി അനുവാദം ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
ഒന്നാം ലോക് ഡൗണ്‍ ഇളവുകളുടെ സമയത്തും ഇത്തരം കാര്യങ്ങള്‍ അനുവദിച്ചത് വഴി ഒരുതരത്തിലുമുള്ള നിയന്ത്രണം ലംഘിക്കാതെ, ആരാധന നടത്തിയ മുന്‍ അനുഭവം നമ്മുടെ മുന്നിലുണ്ട്. മാനസികമായും, സാമൂഹികമായും മറ്റ് വിഷമതകളാലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈവ വിശ്വാസികള്‍ക്ക് ആരാധനാസ്വാതന്ത്ര്യം ചെറുതായ തോതിലെങ്കിലും ലഭിക്കുന്നത് ആശ്വാസകരമാണ്. അനുഭാവപൂര്‍ണമായ നിലപാട് സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് കാത്തലിക് ഫോറം പ്രസിഡന്റ് ബിനു ചാക്കോ ആവശ്യപ്പെട്ടു.
ഇതിനിടെ ആരാധനാലയങ്ങളില്‍ യഥാവിധി നടക്കേണ്ട ദൈനംദിന ചടങ്ങുകള്‍ക്കൊപ്പം നിയന്ത്രിതമായ രീതിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.ഇക്കാര്യത്തില്‍ അടിയന്തരമായ നടപടിയുണ്ടാകണമെന്നും എന്നും എന്‍എസ്എസ് ആവശ്യപ്പെടുന്നു. ആരാധനാലയങ്ങളില്‍ യഥാവിധി നടക്കേണ്ട ദൈനംദിന ചടങ്ങുകള്‍ക്കൊപ്പം നിയന്ത്രിതമായ രീതിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ലോക്ക്ഡൗണിന്റെ ആരംഭകാലത്ത് ഇളവുകള്‍ ഉണ്ടായിരുന്നു എന്ന് എന്‍എസ്എസ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിവിധമേഖലകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കനുസരിച്ച് വിവിധ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുന്നുണ്ട്. അവിടെ ആരാധനാലയങ്ങളില്‍ തഴയപ്പെടുന്നതായാണ് സുകുമാരന്‍ നായര്‍ പറയുന്നത്.