അതൃപ്തി ; രമേശ് ചെന്നിത്തലയെ ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി

പുനഃസംഘടനയ്ക്ക് പിന്നാലെ ഇടഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം. രമേശ് ചെന്നിത്തലയെ അടിയന്തിരമായി രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു. മറ്റന്നാള്‍ ഡല്‍ഹിയില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെടുന്നു എന്നതാണ് ചെന്നിത്തലയെ ഡല്‍ഹിക്ക് വിളിപ്പിച്ചതിലൂടെ വ്യക്തമാകുന്നത്. രമേശ് ചെന്നിത്തലക്ക് കേന്ദ്രനേതൃ പദവികള്‍ നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കും. സംസ്ഥാനത്ത് പുതിയ നേതൃത്വം ചുമതല ഏറ്റെടുത്ത സാഹചര്യത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളുടെ സഹകരണം ഉറപ്പാക്കാനുള്ള ശ്രമങ്ങളും ഹൈകമാന്‍ഡ് ആരംഭിച്ചിട്ടുണ്ട്.

നേരത്തെ പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയമിച്ച രീതിയില്‍ ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും മുല്ലപ്പള്ളി രാമചന്ദ്രനും അതൃപ്തിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ കെ.പി.സി.സി അദ്ധ്യക്ഷന്‍ ആരാവണമെന്ന ചോദ്യത്തോട് ഇവര്‍ കാര്യമായി പ്രതികരിക്കാതിരുന്നത്. കെ.സുധാകരന്റെ പേര് ഉയര്‍ന്നപ്പോള്‍ ആ നിര്‍ദേശത്തെ തള്ളാനോ കൊള്ളാനോ ചെന്നിത്തല തയ്യാറായിരുന്നില്ല. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന നിലപാടായിരുന്നു ചെന്നിത്തല സ്വീകരിച്ചിരുന്നത്. കെ.സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങിന് എത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ചെന്നിത്തലയുമായി കഴിഞ്ഞ ദിവസം രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഒരു പക്ഷേ ചെന്നിത്തലയ്ക്ക് പുതിയ പദവി എന്തെങ്കിലും നല്‍കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.