വിശാഖപട്ടണത്ത് ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വിശാഖപട്ടണം കോയൂരു മാമ്പ പൊലീസ് സ്റ്റേഷന് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്തു നിന്ന് എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അവകാശപ്പെട്ടു. പ്രദേശത്ത് മാവോയിസ്റ്റുകള്‍ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കോമ്പിംഗ് ഓപറേഷന്‍ നടത്തുന്നതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.

വെടിവെപ്പില്‍ എത്ര പേര്‍ക്ക് പരിക്കേറ്റുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. നിബിഡ വനമേഖലയായതിനാല്‍ വിശദാംശങ്ങള്‍ അറിയാന്‍ സമയമെടുക്കുമെന്ന് കോയൂരു സി.ഐ വെങ്കടരാമന്‍ പറഞ്ഞു. രക്ഷപ്പെട്ട മറ്റ് മാവോയിസ്റ്റുകള്‍ക്കായി പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കാടിനുള്ളില്‍ തിരച്ചില്‍ നടത്തിയതായും വിവരമുണ്ട്. കൂടുതല്‍ സേനയെ ഉള്‍പ്പെടുത്തി പ്രദേശത്ത് കോമ്പിംഗ് തുടരുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.