മറഡോണയെ ഡോക്ടര്‍മാര്‍ കൊന്നതാണ് ; ആരോപണവുമായി അഭിഭാഷകന്‍

ഇതിഹാസ ഫുട്‌ബോളര്‍ ഡീഗോ മറഡോണയെ ഡോക്ടര്‍മാര്‍ കൊന്നതാണെന്ന പുതിയ വെളിപ്പെടുത്തലുമായി മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഒരു നഴ്‌സിന്റെ അഭിഭാഷകന്‍. നഴ്‌സിന്റെ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ അഭിഭാഷകനാണ് ആരോപണം ഉയര്‍ത്തിയത്. ”അവര്‍ ഡിയേഗോയെ കൊന്നു. അവസാന സമയത്ത്, മറഡോണ മരിക്കാന്‍ പോവുകയാണെന്ന പല സൂചനകളുമുണ്ടായി. ഇത് തടയാന്‍ ഡോക്ടര്‍മാരുടെ ഭാ?ഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടായില്ല. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കാണ് അദ്ദേഹം ചികിത്സ തേടിയിരുന്നത്. എന്നാല്‍ ആ സമയത്ത് അദ്ദേഹത്തിന് മനോരോഗ സംബന്ധിയായ മരുന്നുകളും നല്‍കി. ഇത് ഹൃദയമിടിപ്പിന്റെ താളം തെറ്റാന്‍ ഇടവരുത്തി. ആശുപത്രിയില്‍ വച്ച് മറഡോണ വീണിരുന്നു. സിടി സ്‌കാന്‍ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും സഹായി അത് നിഷേധിക്കുകയായിരുന്നു.”- 8 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനു ശേഷം പുറത്തെത്തിയ നഴ്‌സ് ഡയാന ഗിസെലയുടെ അഭിഭാഷകന്‍ റൊഡോള്‍ഫോ ബാക്വെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മറഡോണയുടെ മരണത്തില്‍ ഏഴ് ആരോഗ്യപ്രവര്‍ത്തകരെയാണ് പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. മനപൂര്‍വമല്ലാത്ത നരഹത്യാകുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചികിത്സയില്‍ അനാസ്ഥ കാണിച്ചെന്ന് കരുതപ്പെടുന്ന ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തിന്റെ ഫലം പരിഗണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്ക് 8 മുതല്‍ 25 വര്‍ഷം വരെ തടവ് ലഭിക്കും.
ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ 25 നായിരുന്നു മറഡോണ അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനുശേഷം വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.