സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം

ലോക് ഡൌണ്‍ ഇളവുകള്‍ നല്‍കി എങ്കിലും സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒറ്റ, ഇരട്ടയക്ക നമ്പര്‍ ക്രമത്തില്‍ വേണം ബസുകള്‍ സര്‍വീസ് നടത്താന്‍. നാളെ ഒറ്റ അക്ക നമ്പറില്‍ ഉള്ള ബസുകള്‍ക്ക് സര്‍വീസ് നടത്താം. ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തരുതെന്നും ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. നിലവിലെ കോവിഡ് സാഹചര്യത്തില്‍ സംസ്ഥാത്തെ എല്ലാ ബസുകളെയും നിരത്തിലിറക്കാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. സര്‍വീസുകള്‍ കര്‍ശന കോവിഡ് മാര്‍ ഗനിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമെ നടത്താവൂ എന്നും നിര്‍ദേശമുണ്ട്.

അതിനിടെ രാജ്യത്തെ മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് എന്നിവയ്ക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ കാലാവധിയുണ്ടാവും. ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റു രേഖകള്‍ എന്നിവയും സെപ്റ്റംബര്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്ന് കേന്ദ്ര റോഡ്, ദേശിയപാതാ മന്ത്രാലയം വിജ്ഞാപനത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ രേഖകള്‍ക്കാണ് കാലയളവ് നീട്ടിക്കിട്ടുക. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടികളുമായി മുന്നോട്ടുപോവണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട അധികൃതര്‍ ഇതനുസരിച്ചു വേണം നടപടികള്‍ സ്വീകരിക്കാന്‍.