പ്രണയം നിരസിച്ചു ; യുവാവ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു

പെരിന്തല്‍മണ്ണ : ഏലംകുളം സ്വദേശിനി ദൃശ്യ ആണ് കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതി ദൃശ്യയെ കുത്തികൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയത് പ്രതി വിനീഷ് തനിച്ചാണെന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് മൂന്ന് മാസം മുന്‍പ് പ്രതിയെ താക്കീത് ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത വിനീഷിനെ ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെ 8 മണിയോടെയാണ് പ്രതി വിനീഷ്(21), ദൃശ്യ(21) യുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി രണ്ടാം നിലയിലുള്ള മുറിയിലെത്തി കുത്തികൊലപ്പെടുത്തിയത്. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീ (13)യ്ക്കും പരുക്കേല്‍ക്കുകയായിരുന്നു.

ദൃശ്യയുടെ അച്ഛന്റെ ഉടമസ്ഥയിലുള്ള പെരിന്തല്‍മണ്ണയിലെ കടയില്‍ ഇന്നലെ രാത്രി തീപിടിത്തമുണ്ടായിരുന്നു. കടകത്തിച്ച് ശ്രദ്ധതിരിച്ചുവിട്ട് നടത്തിയ കൊലയെന്ന് സംശയിക്കുന്നതായി പൊലീസും നാട്ടുകാരും പറയുന്നു. അതേസമയം, പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ‘ ഞങ്ങള്‍ നിലവിളി കേട്ട് വരുമ്പോള്‍ ദൃശ്യ ചോരയില്‍ കുളിച്ച് കിടക്കുക ആയിരുന്നു. നെഞ്ചില്‍ കുത്തേറ്റിരുന്നു. വയറിലും മുറിവ് ഉണ്ടായിരുന്നു. കൈകള്‍ ചെത്തിയ പോലെ മുറിഞ്ഞിരുന്നു. വിരലുകളിലും മുറിവ് ഉണ്ടായിരുന്നു. അവള്‍ ഉറങ്ങി കിടക്കുന്ന സമയത്ത് ആയിരുന്നു ഇതെല്ലാം. അത് കൊണ്ട് പ്രതിരോധിക്കാന്‍. കഴിഞ്ഞു കാണില്ല. വാഹനത്തില്‍ കയറ്റി അല്പം വെള്ളം കൊടുത്തു. അപ്പോഴും അനക്കം ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ എത്തിച്ചു എങ്കിലും കുത്തും വെട്ടുമേറ്റ ഒരുപാട് മുറിവുകള്‍, ശരീരത്തില്‍ ഉണ്ടായിരുന്നു എന്ന് പിന്നീട് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ദേവി ശ്രീ അപകടനില തരണം ചെയ്തു. അക്രമം തടുക്കാന്‍ ശ്രമിച്ചപ്പോള്‍ മുറിവേല്‍ക്കുക ആയിരുന്നു. ‘ദൃശ്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ഇളയച്ഛന്‍ പറയുന്നു.

ഇന്നലെ രാത്രി മുതല്‍ ബാലചന്ദ്രനും കുടുംബാംഗങ്ങളും കട കത്തി നശിച്ചതിന്റെ സമ്മര്‍ദത്തില്‍ ആയിരുന്നു. ദൃശ്യയും ദേവി ശ്രീയും അമ്മയും മാത്രം ആയിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇതെല്ലാം പ്രതി വിനീഷ് ആസൂത്രണം ചെയ്തത് ആയിരുന്നു എന്ന് കൊലപാതകം നടന്ന ശേഷമാണ് അറിയുന്നത്. കൊല്ലാന്‍ ഉറപ്പിച്ച് തന്നെ ആണ് പ്രതി ഇതെല്ലാം ചെയ്തത് എന്ന് പൊലീസ് പറയുന്നു. പ്ലസ് ടു മുതല്‍ വിനീഷ് ദൃശ്യയെ ശല്യം ചെയ്തിരുന്നു. രണ്ട് പേരും കുന്നക്കാവ് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ് പഠിച്ചത്. ദൃശ്യ ഇപ്പോള്‍ ഒറ്റപ്പാലത്ത് എല്‍എല്‍ബിക്ക് പഠിക്കുകയായിരുന്നു. വിനീഷിന്റെ ശല്യം സഹിക്കാനാകാതെ പൊലീസില്‍ ദൃശ്യയുടെ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് വിനീഷിനെ താക്കീത് ചെയ്തു വിടുകയും ചെയ്തു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞ പശ്ചാത്തലം ആണ് പ്രതി വിനീഷിന്റെ. രണ്ട് സഹോദരന്മാര്‍ കൂടി ഉണ്ട്.