പിണറായി സുധാകരന്‍ വാക്ക് പോര് തുടരുന്നു ; മകളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു എന്ന് പിണറായി

കെ.പി.പി.സി.സി പ്രസിഡണ്ട് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക് പോര് തുടരുന്നു. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പിണറായി വിജയന്‍. സുധാകരന്റെ സുഹൃത്താണ് തന്നോട് ഇത് പറഞ്ഞതെന്നും പിണറായി പറഞ്ഞു. ‘സുധാകരന്റെ സുഹൃത്ത് എന്നെ കാണാന്‍ വന്നു. എന്നോട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. സുധാകരനും താനും സുഹൃത്തുക്കള്‍ തന്നെയാണ് പക്ഷെ വലിയ പ്ലാനുമായാണ് അയാള്‍ നടക്കുന്നത്. സുധാകരന്‍ നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിടുന്നുണ്ട്.’- പിണറായി പറഞ്ഞു. കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന കാലത്താണ് സംഭവം, താനിതാരോടും പറഞ്ഞിരുന്നില്ല. വിചാരിക്കുന്നതുപോലെ വിജയനെ വീഴ്ത്താനാകില്ലെന്ന് സുധാകരനറിയാമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ബ്രണ്ണന്‍ കോളജിലെ പഠനക്കാലത്തെ രാഷ്ട്രീയ അനുഭവങ്ങള്‍ പങ്കുവെച്ച സുധാകരന്‍. കോളജിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ കെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും പറഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ കോളജ് രാഷ്ട്രീയത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച സമയം ഇങ്ങനെ പറഞ്ഞത്. ”എസ് എഫ് ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച ദിവസമാണ് പിണറായി ബ്രണ്ണനിലെത്തിയത്. ആ സമരം പൊളിക്കാനായിരുന്നു കെ എസ് യുവിന്റെ പ്ലാന്‍. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ ക്ലാസിലിരുത്തി ക്ലാസെടുക്കുകയായിരുന്നു.

ഈ സമയം എ കെ ബാലന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സംഘടിച്ചു വന്നു. ഞാന്‍ രണ്ടാം നിലയിലെ കോണിപ്പടിയില്‍ നില്‍ക്കുകയായിരുന്നു. ബാലന്‍ ഉള്‍പ്പെടെ എല്ലാവരേയും കെ എസ് യുക്കാര്‍ തല്ലിയോടിച്ചു. പരീക്ഷ ഹാളിലായിരുന്ന പിണറായി വിജയന്‍ സഖാക്കളുടെ സഹായത്തിന് ഓടിയെത്തി. രണ്ടാം നിലയിലേക്ക് ഓടിക്കയറിവന്ന പിണറായി നീയേതാടാ ധാരാ സിങ്ങോ എന്ന് ചോദിച്ചു. ഞാന്‍ കളരി പഠിക്കുന്ന സമയമായിരുന്നു അത്. കോണിപ്പടിക്ക് ഇരുവശവും ഉണ്ടായിരുന്നവര്‍ ആര്‍പ്പു വിളിച്ചു. ഒന്നും ആലോചിച്ചില്ല. ഒറ്റ ചവിട്ട്. വീണുപോയ പിണറായിയെ എന്റെ പിള്ളേര്‍ വളഞ്ഞിട്ടു തല്ലി. പൊലീസ് എത്തിയാണ് പിണറായി വിജയനെ എടുത്തുകൊണ്ടു പോയത്.” സുധാകരന്‍ പറയുന്നു .

എന്നാല്‍ തന്നെ ചവിട്ടി വീഴ്ത്തിയെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും പിണറായി പറഞ്ഞു. ആര്‍ക്കും സ്വപ്നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവന. പൂര്‍ണമായും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സുധാകരന്‍ പറഞ്ഞത്. കെ.എസ്.എഫ്-കെ.എസ്.യു സംഘര്‍ഷത്തിനിടെ കോളേജിലെത്തിയ താന്‍ അവിടെ സംഘര്‍ഷം ഒഴിവാക്കുകയാണ് ചെയ്തത്. അന്ന് ഞാന്‍ ബ്രണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നില്ല. അതുകൊണ്ട് മാത്രമാണ് സംഘര്‍ഷം അവിടെ നിന്നതെന്ന് സുധാകരന്‍ ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു. അതേസമയം തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങളില്‍ മറുപടി നാളെയെന്ന് സുധാകരന്‍ പറയുന്നു.