14 കാരിയെ സഹോദരന്‍ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചത് ; പിന്നില്‍ വിവാഹദല്ലാളായ യുവതി

പോലീസിന്റെ കൃത്യമായ അന്വേഷണം ഒരു യുവാവിന്റെയും സുഹൃത്തുക്കളുടെയും ജീവിതം തിരികെ നല്‍കി. ഇടുക്കി കഞ്ഞിക്കുഴിയില്‍ 14 കാരിയെ സഹോദരനുള്‍പ്പെടെ അഞ്ചുപേര്‍ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകയായ വിവാഹദല്ലാളായ യുവതി യുവാവിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് പീഡന കേസെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇടുക്കി ഡിവൈ എസ് പി ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിച്ച് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. പരാതി കൊടുപ്പിച്ച യുവതിയുടെ പേരില്‍ കേസും എടുത്തിട്ടുണ്ട്. ഇടുക്കി കഞ്ഞിക്കുഴിയില്‍ 14 കാരിയെ സഹോദരനും നാല് സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന വിവരം ഏപ്രില്‍ 20 ന് തൃശൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകവഴിയാണ് പൊലീസിന് ലഭിക്കുന്നത്. പിന്നാലെ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പീഡനം നടന്നിട്ടുണ്ടാകാമെന്ന് ഗൈനക്കോളജിസ്റ്റും റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍ മൊഴിയെടുത്തപ്പോള്‍ പ്രദേശവാസിയും വിവാഹദല്ലാളുമായ യുവതി ഒപ്പം വേണമെന്ന പെണ്‍കുട്ടി വാശിപിടിച്ചതും ഡോക്ടറുടെ റിപ്പോര്‍ട്ടിലെ ഉറപ്പില്ലായ്മയും കുറ്റം ചെയ്തിട്ടില്ലെന്ന സഹോദരന്റെ മൊഴിയും പൊലീസിനെ വലച്ചു. ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ കഞ്ഞിക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥരുള്‍പ്പെടെ 16 പേര്‍ പല സംഘങ്ങളായി വിശദമായ അന്വേഷണം തുടങ്ങി. കേസ് നടക്കുന്നതിനിടെ പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലാക്കി. പെണ്‍കുട്ടി അവിടത്തെ രജിസ്റ്ററില്‍ ഇങ്ങനെ കുറിച്ചു. ‘സഹോദരന്‍ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല. കലാമ്മ പറഞ്ഞിട്ടാണ് എല്ലാം ചെയ്തത്’- ഇക്കാര്യം അറിഞ്ഞതോടെ, പൊലീസ് ഇടപെട്ട് പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജന്റെ സഹായത്തോടെ വീണ്ടും പരിശോധിപ്പിച്ചു. പീഡനം നടന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. വീണ്ടും മൊഴിയെടുത്തപ്പോള്‍, പൊട്ടിക്കരഞ്ഞുകൊണ്ട് പെണ്‍കുട്ടി തന്റെ തെറ്റ് ഏറ്റുപറയുകയായിരുന്നു.

വെണ്മണി സ്വദേശിനിയായ വിവാഹദല്ലാളായ ശ്രീകല പെണ്‍കുട്ടിയുടെ സഹോദരന് വിവാഹമാലോചിച്ച് സ്ഥിരമായി വീട്ടില്‍ വന്നിരുന്നു. മൂന്നുമാസംകൊണ്ട് ഇവര്‍ കുട്ടിയുമായി അടുത്തു. അടുപ്പക്കൂടുതല്‍കൊണ്ട് ‘കലാമ്മ’യെന്നാണ് കുട്ടി ഇവരെ വിളിച്ചിരുന്നത്. പെണ്‍കുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സഹോദരന്‍ വീട്ടില്‍ വരുന്നതില്‍നിന്ന് ശ്രീകലയെ വിലക്കി. വിവാഹാലോചനയുമായി വരേണ്ടെന്നും പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാണ് ശ്രീകല, അടുപ്പം മുതലെടുത്ത് സഹോദരനെതിരേ മൊഴി നല്‍കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. കുട്ടിയെ ദുരുപയോഗം ചെയ്തതിനും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ശ്രീകലയുടെപേരില്‍ കേസെടുത്തിരിക്കുന്നത്. യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരായ കേസ് പിന്‍വലിക്കാനും നടപടി തുടങ്ങി. പീഡനവിവരം പുറത്തുവന്നതുമുതല്‍ നാണക്കേടിലും കടുത്ത വിഷമത്തിലുമായിരുന്നു കുടുംബം. ആത്മഹത്യയുടെ വക്കിലായിരുന്ന കുടുംബത്തിന് പൊലസിന്റെ കണ്ടെത്തല്‍ ആശ്വാസമായിരിക്കുകയാണ്.