ഫ്രീ ഫയര്‍ കളിച്ചു ആലുവയില്‍ ഒന്‍പതാം ക്ലാസുകാരന്‍ നഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ
ഓണ്‍ലൈന്‍ ഗെയിം വഴി കാശ് നഷ്ട്ടപെടുന്നവര്‍ ഇപ്പോള്‍ അനവധിയാണ്. കുട്ടികളും യുവാക്കളും ആണ് ഇതില്‍ ഏറ്റവും കൂടുതല്‍. കടം വാങ്ങി ഓണ്‍ലൈന്‍ ഗെയിം കളിച്ചു അവസാനം ആത്മഹത്യ ചെയ്തവര്‍ വരെ നമുക്കിടയില്‍ ഉണ്ട്. ഇതിനെ തുടര്‍ന്ന് കോടതി ഇടപെട്ടു എങ്കിലും ഓണ്‍ലൈന്‍ ഗെയിമുകള്‍ നമ്മുടെ കീശ കാലിയാക്കുകയാണ് ഇപ്പോഴും. ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചു ഒന്‍പതാം ക്ലാസുകാരന്‍ നഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ. ആലുവയിലാണ് സംഭവം. അമ്മയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുകയാണ് വിദ്യാര്‍ത്ഥി നഷ്ടപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷണം നടത്തി. ‘ഫ്രീ ഫയര്‍’ എന്ന ഗെയിം കളിച്ചാണ് പണം നഷ്ടപ്പെട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കുട്ടി ഒരു സമയം നാല്‍പത് മുതല്‍ നാലായിരം രൂപ വരെ ചാര്‍ജ് ചെയ്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.