സി പി എമ്മിന്റെ പണം കവര്‍ച്ച പോയതില്‍ പരാതി നല്‍കി ബി ജെ പി
തങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന കുഴല്‍ പണ ആരോപണത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ഒഴുക്കിയ ഹവാല പണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് ബി ജെ പി പരാതി നല്‍കി. ഒല്ലൂരില്‍ കവര്‍ച്ച ചെയ്യപ്പെട്ട ഹവാല പണം സിപിഎമ്മിന്റേതാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. തൃശ്ശൂര്‍ ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥികളുടെ പ്രചരണത്തിനായി എത്തിച്ച പണമാണ് കവര്‍ന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്‍എസ് രാജീവാണ് പരാതി നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം കോടികളാണ് കേരളത്തില്‍ ഒഴുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 22ന് തൃശ്ശൂര്‍ കുട്ടനെല്ലൂരില്‍ വെച്ച് ഒരു കവര്‍ച്ച നടന്നതായും സംഭവത്തില്‍ ഏകദേശം ഒരു കോടിക്ക് മുകളില്‍ കള്ളപ്പണം വാഹനത്തില്‍ കൊണ്ടുപോകവെ അജ്ഞാതരായ ആളുകള്‍ തട്ടിയെടുത്തതായും ബി.ജെ.പി പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് ഒല്ലൂര്‍ പൊലീസ് കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞു. തൃശ്ശൂരില്‍ വെച്ച് നടന്ന ഇത്രയും വലിയ കവര്‍ച്ചയില്‍ ആരെയും ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കവര്‍ച്ചയില്‍ നഷ്ടപ്പെട്ട പണം നാല് കോടിയാണെന്നാണ് കരുതുന്നതെന്നും ബി.ജെ.പി ആരോപിച്ചു. പണം നിയമപരമല്ലാതെയാണ് തൃശ്ശൂരില്‍ എത്തിച്ചതെന്നതിന് മതിയായ തെളിവുകളുണ്ടെന്നും കേസിലെ പരാതിക്കാരന് മുതിര്‍ന്ന എല്‍.ഡി.എഫ് നേതാക്കളുമായി അടുത്ത ബന്ധമാണെന്നും ബി.ജെ.പി ആരോപിച്ചു. എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ കയറിയതോടെ പൊലീസ് കേസ് തേച്ചുമായ്ച്ചു കളയാനാണ് ശ്രമിക്കുന്നതെന്നും നീതിയുക്തമായും സ്വാതന്ത്രൃവുമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ബാധ്യസ്ഥരായ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ ഇടപെടണമെന്നും അന്വേഷണം നടത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.