28 മണിക്കൂറുകൊണ്ട് പത്തുനില കെട്ടിടം ; വീണ്ടും ഞെട്ടിച്ചു ചൈന
ലോകത്തിനെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഞെട്ടിക്കുന്ന രാജ്യം ഏതെന്നു കേട്ടാല്‍ ചൈന എന്ന് തന്നെയാകും ഉത്തരം. പുതിയ പുതിയ കണ്ടുപിടിത്തങ്ങളും അല്ലാതെയുള്ള നേട്ടങ്ങളും എല്ലാം ചൈനക്ക് ഇപ്പോള്‍ സര്‍വ്വ സാധാരണമായി കഴിഞ്ഞു. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍. 28 മണിക്കൂറുകൊണ്ട് പത്തുനില കെട്ടിടം. ഒരു വീട് പോയിട്ട് നമ്മുടെ നാട്ടില്‍ ഒരു കുളിമുറി കെട്ടാന്‍ തന്നെ ആഴ്ചകളാണ് എടുക്കുന്നത്. അവിടെയാണ് 28 മണിക്കൂറും 45 മിനിറ്റും കൊണ്ട് ചൈന പത്തു നില കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. ചൈനയിലെ ചാങ്ഷയില്‍ കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു ഞെട്ടിപ്പിക്കുന്ന നിര്‍മാണം നടന്നിരിക്കുന്നത്.
ചൈനീസ് നിര്‍മാതാക്കളായ ബ്രോഡ് ഗ്രൂപ്പാണ് വിസ്മയകരമായ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത്. കെട്ടിട സാമഗ്രികള്‍ മുന്‍കൂട്ടി സജ്ജീകരിക്കുന്ന പ്രീഫാബ്രിക്കേറ്റഡ് കണ്‍സ്ട്രക്ഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഈ മഹാദൗത്യം ഏറ്റവും ചുരുങ്ങിയ സമയമെടുത്ത് പൂര്‍ത്തീകരിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ഓരോ ഭാഗങ്ങളും നേരത്തെ ഫാക്ടറിയില്‍ സജ്ജീകരിച്ച ശേഷം എല്ലാംകൂടി സംയോജിപ്പിക്കുന്നതാണ് ഈ നിര്‍മാണരീതി. കണ്ടെയ്നര്‍ രൂപത്തിലുള്ള മുന്‍കൂട്ടി തയാറാക്കിയ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ ട്രക്കില്‍ കയറ്റിയാണ് നിര്‍മാണസ്ഥലത്തെത്തിച്ചത്. തുടര്‍ന്ന് വലിയ ക്രെയിന്‍ ഉപയോഗിച്ച് ഓരോ ഭാഗങ്ങള്‍ അടുക്കിവച്ച് കെട്ടിടം പൂര്‍ണമായി സജ്ജീകരിക്കുകയായിരുന്നു.
ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും മറ്റു സൗകര്യങ്ങളുമടക്കം എല്ലാവിധ മിനിക്കുപണികളും സജ്ജീകരണങ്ങളുമൊരുക്കിയാണ് കെട്ടിടത്തിന്റെ നിര്‍മാണം വെറും മണിക്കൂറുകള്‍ കൊണ്ട് പൂര്‍ത്തിയാക്കിയത്. നിര്‍മാണം പൂര്‍ത്തിയായതോടെ ഫ്ളാറ്റിലേക്കുള്ള ജല, വൈദ്യുതി വിതരണവും ആരംഭിച്ചു. വളരെ വേഗത്തിലും എളുപ്പത്തിലും കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മാത്രമല്ല, ആവശ്യംവരുമ്പോള്‍ പെട്ടെന്ന് അഴിച്ചുവച്ച് സ്ഥലം ഒഴിപ്പിക്കാനും കഴിയുമെന്നതാണ് പ്രീഫാബ്രിക്കേറ്റഡ് നിര്‍മാണ രീതിയുടെ പ്രധാന സവിശേഷത. ഇതേ ഉപകരണങ്ങള്‍ ഉപയോഗിച്ച് മറ്റ് സ്ഥലത്ത് കൊണ്ടുപോയി കെട്ടിടം മാറ്റിപ്പണിയാനുമാകും. ഭൂകമ്പം ഉണ്ടായാലും കെട്ടിടം നിലനില്‍ക്കും എന്നും ആയിരം വര്‍ഷത്തെ ഗ്യാരന്റിയാണ് കമ്പനി നല്‍കുന്നത് എന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.