രാജപ്പന്റെ പണം തട്ടിയെടുത്ത പ്രതികള്‍ ഒളിവില്‍

വേമ്പനാട് കായലിന്റെ സംരക്ഷകന്‍ എന്ന നിലയില്‍ ലോക ശ്രദ്ധ നേടിയ രാജപ്പന്റെ പണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളായ ബന്ധുക്കള്‍ ഒളിവില്‍. രാജപ്പന്റെ സഹോദരി വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്‍, മകന്‍ ജയലാല്‍ എന്നിവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. സംഭാവനയായി രാജപ്പന്റെ അക്കൗണ്ടിലെത്തിയ പണം പിന്‍വലിച്ചതിന്റെ രേഖകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ജില്ലാ പൊലീസ് മേധാവി മുഖേന ലഭിച്ച പരാതിയില്‍ അന്വേഷണം ആരംഭിച്ച കുമരകം പൊലീസ് രാജപ്പന്റെ മൊഴി രേഖപ്പെടുത്തി. പ്രതികളെ കണ്ട് വിവരശേഖരണത്തിന് ശ്രമിച്ച പൊലീസിന് പക്ഷേ ഇവരെ കണ്ടെത്താനായില്ല. വീട്ടിലും എത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുമെല്ലാം പൊലീസ് പരിശോധന നടത്തി. ഒളിവില്‍ പോയ കുടുംബത്തിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

രാജപ്പന്റെ പരാതിയില്‍ വ്യക്തമാക്കുന്ന ഫെബ്രുവരി 12ന് അഞ്ചുലക്ഷം രൂപയും ഏപ്രില്‍ 16ന് എണ്‍പതിനായിരം രൂപയും പിന്‍വലിച്ചതിന് തെളിവായ ബാങ്ക് രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു. പണം തട്ടിപ്പിന് പുറമേ വിശ്വാസ വഞ്ചനാകുറ്റവും പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി റേഡിയോ പ്രഭാഷണ പരിപാടിയില്‍ അഭിനന്ദിച്ച രാജപ്പന്റെ പരാതി അടിയന്തരപ്രാധാന്യത്തോടെയാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രശസ്തനായതോടെ ധാരാളപേരാണ് രാജപ്പന് സഹായം നല്‍കിയത്. എന്നാല്‍ പ്രതികള്‍ രാജപ്പനെ തെറ്റിദ്ധരിപ്പിച്ചു കാശ് തട്ടിയെടുക്കുകയായിരുന്നു.