പെരിയ ഇരട്ടക്കൊലപാത കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ ജോലി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയില്‍ ആറുമാസത്തേക്ക് നിയമിച്ചത്. നേരത്തെ തയാറാക്കിയ പട്ടികയില്‍നിന്ന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലാണ് ഇവരെ നിയമിച്ചത്. കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം പീതാബംരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി ജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയിരിക്കുന്നത്. നിയമനം ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയിലെ താല്‍കാലിക നിയമനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയാണ് അംഗീകാരം നല്‍കേണ്ടത്. സിപിഎം ഭരണത്തിലുള്ള ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലെ എച്ച്എംസി മുഖേനയാണ് ഇവരുടെ നിയമനമെന്നാണ് വിവരം. കഴിഞ്ഞ മാസമാണ് ഇവരെ നിയമിക്കാന്‍ തീരുമാനമെടുത്തത്. നിയമനത്തിന് ഇരട്ടക്കൊലയുമായി ബന്ധമില്ലെന്നാണ് സിപിഎം വിശദീകരണം. കുറ്റാരോപിത സ്ഥാനത്ത് നില്‍ക്കുന്നവരുടെ ഭാര്യമാര്‍ക്ക് നിയമനം ലഭിച്ചതിലെ വിമര്‍ശനത്തില്‍ കഴമ്പില്ല എന്നാണ് പാര്‍ട്ടി നിലപാട്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് നിയമനമെന്നും പാര്‍ട്ടി അവകാശപ്പെടുന്നു. ഏറെ വിവാദങ്ങള്‍ക്ക് കാരണമായ പെരിയ ഇരട്ട കൊലപാതക കേസ് നിലവില്‍ സിബിഐ അന്വേഷിക്കുകയാണ്.