ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങളില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ
ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങളില്‍ ഗുരുതര ആശങ്ക അറിയിച്ചു ഐക്യരാഷ്ട്രസഭ രംഗത്ത് . രാജ്യത്തെ പുതിയ ഐ.ടി നിയമങ്ങള്‍ മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ച് യു.എന്‍, കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. പുതിയ ഐ.ടി നിയമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതാണ് എന്ന് കാണിച്ചാണ് ഐറിന്‍ ഖാന്‍, ക്ലെമന്റ് നയാലെറ്റ്‌സോസി വോള്‍, ജോസഫ് കന്നാറ്റസി എന്നീ ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രത്യേക റാപ്പോട്ടിയേഴ്സാണ് കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്. സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ഉടമ്പടികളുടെ അനുച്ഛേദം 17,19 എന്നിവയ്ക്ക് വിരുദ്ധമാണ് ഇന്ത്യയുടെ ഐ.ടി നിയമങ്ങളെന്ന് യു.എന്‍ ചൂണ്ടിക്കാട്ടുന്നു.
1979ല്‍ ഇന്ത്യ ഈ ഉടമ്പടിയെ അംഗീകരിച്ചിട്ടുണ്ടെന്നും കത്തില്‍ യു.എന്‍ വ്യക്തമാക്കുന്നു.
മാധ്യമങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ജാഗ്രതാ ബാധ്യതകള്‍ തുടര്‍ച്ചയായ മനുഷ്യാവകാശ ലംഘങ്ങളിലേക്ക് നയിച്ചേക്കാം എന്നും കത്തില്‍ പറയുന്നു. നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ കേന്ദ്രത്തില്‍ നിന്ന് മറുപടി തേടിയിട്ടുണ്ട്. രാജ്യത്ത് പുതുക്കിയ ഐ.ടി നിയമങ്ങള്‍ പലതും സ്വാതന്ത്രത്തിനു മേലുള്ള കടന്നു കയറ്റമാണ് എന്നാണ് ഫേസ്ബുക് ട്വിറ്റര്‍ എന്നിവര്‍ പറയുന്നത്. പുതുക്കിയ നിയമങ്ങള്‍ വളച്ചൊടിച്ചാല്‍ സര്‍ക്കാരിന് ആരെ വേണമെങ്കിലും കുറ്റവാളിയാക്കാനും വളരെ എളുപ്പമാണ്.