ബയോ വെപ്പണ്‍ പരാമര്‍ശം : ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യത ശേഷം വിട്ടയച്ചു
രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നുംപൊലീസ് അറിയിച്ചു. ലക്ഷദ്വീപ് എസ്.എസ്.പി ഓഫീസില്‍ ശരത് സിംഗ് ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ഐഷയെ ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. അഭിഭാഷകനൊപ്പമാണ് ഐഷ എസ്എസ്പി ഓഫീസില്‍ ഹാജരായത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇന്നലെയാണ് ഐഷ അഭിഭാഷകനൊപ്പം കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെത്തിയത്. കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷയ്ക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ‘ബയോവെപ്പണ്‍’ എന്ന പരാമര്‍ശം ഉന്നയിച്ചത് ചോദ്യം ചെയ്ത് ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് നടപടി. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒന്നാം കോവിഡ് തരംഗത്തില്‍ ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത് കോവിഡ് വ്യാപനത്തിന് കാരണമായിരുന്നു. അഡ്മിനിസ്ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിക്കു തോന്നുന്നുവെന്നായിരുന്നു ഐഷയുടെ പരമാര്‍ശങ്ങള്‍.
രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അംഗീകരിക്കുന്നതില്‍ നിന്നും ജനങ്ങളെ തടയാനും കേന്ദ്ര സര്‍ക്കാരിനെതിരായ വികാരം ലക്ഷദ്വീപിലെ പ്രാദേശിക ജനസമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇളക്കിവിട്ടു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കൊറോണ വൈറസിനെ ബയോ വെപ്പണായി ഉപയോഗിച്ചു എന്ന് വ്യാജമായി പറഞ്ഞതിലൂടെ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് അസഹിഷ്ണുതയും ശത്രുതാമനോഭാവവും ഉടലെടുക്കാന്‍ കാരണമായതായി എഫ്.ഐ.ആറില്‍ പറയുന്നു. പൊലീസ് എഫ്.ഐ.ആറില്‍ പറയുന്ന തരത്തില്‍ ദേശദ്രോഹക്കുറ്റം ചെയ്തിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവെ ഐഷ കോടതിയില്‍ വാദിച്ചത്. ഭരണകൂടത്തിന് എതിരായ വിമര്‍ശനം ദേശ ദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്ന സുപ്രീംകോടതി അടുത്തിടെ സ്വീകരിച്ച നിലപാടുകളും ഐഷ ചൂണ്ടിക്കാട്ടി. ചാനല്‍ ചര്‍ച്ചയ്ക്കിടെ ആശയവിനിമയം തകരാറിലായതിനാല്‍ ചില തകരാറുകള്‍ ഉണ്ടായെന്നും ഐഷ പറഞ്ഞു.