ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചനകള്‍ ആരംഭിച്ചതായി സിഎന്‍എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ജമ്മുവിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടകളുടെ പ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തും എന്നാണ് സൂചന. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

2019 ഓഗസ്റ്റ് അഞ്ചിനാണ് ആര്‍ട്ടിക്കിള്‍ 370 പ്രകാരം കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ഇതിനിതെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും നരിവധി നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. ജൂണ്‍ 24 ന് പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിലേക്ക് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി), നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി), ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെയാണ് ക്ഷണിച്ചിരിക്കുന്നത്. യോഗത്തില്‍, കാശ്മീരില്‍ ഷ്ട്രീയ പ്രക്രിയ ആരംഭിക്കുന്നതിനുള്ള ഒരു രൂപരേഖ പ്രധാനമന്ത്രി ചര്‍ച്ച ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം ആദ്യം രൂപീകരിച്ച ഡിലിമിറ്റേഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ഇതിനായി കാത്തിരിക്കേണ്ടി വരും. ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പരിരക്ഷ ഒഴിവാക്കിയതിനുശേഷം ജമ്മു കശ്മീരില്‍ പ്രാദേശിക വോട്ടെടുപ്പുകള്‍ നടത്തിയിരുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കുമെന്നാണ് വിവരം. മണ്ഡല പുനനിര്‍ണയത്തില്‍ ജമ്മു കശ്മീരിന്റെ അടിസ്ഥാന ഭൂമിശാസ്ത്രത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് സൂചന. അതേസമയം പ്രത്യേക പദവി പുനസ്ഥാപിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നാണ് വിവരം.