കോഴിക്കോട് വാഹനാപകടം ; കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം ; അപകടത്തില്‍ പൊലീസിന് സംശയം
കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. രാമനാട്ടുകാര പുളിഞ്ചോട് രാവിലെ 4.45ഓടെയാണ് അപകടം നടന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. ഒറ്റപ്പാലം രജിസ്‌ട്രേഷനിലുള്ള ബൊലേറോയും തമിഴ് നാട് നിന്നും വന്ന സിമന്റെ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ബൊലേറയിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. എയര്‍പോര്‍ട്ടില്‍ പോയി മടങ്ങി വരുന്ന വഴിയാണ് അപകടമെന്നാണ് സൂചന. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അതേസമയം അപകടത്തില്‍ പോലീസ് സംശയം പ്രകടിപ്പിച്ചു.അപകടത്തിന് മുന്‍പ് വാഹനങ്ങള്‍ ചേസിംഗ് നടത്തിയതായി ദൃസാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. അപകടത്തില്‍ പെട്ട കാറിനൊപ്പമുണ്ടായിരുന്ന രണ്ട് വാഹനങ്ങളിലുണ്ടായിരുന്ന എട്ട് പേരുടെ മൊഴിയെടുക്കുന്നു. എയര്‍പോര്‍ട്ട് റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. കൊണ്ടോട്ടി പൊലീസും ഫറോക്ക് സ്റ്റേഷനിലെത്തി. അപകടത്തില്‍പ്പെട്ടവരുടെ യാത്രയില്‍ ദുരൂഹതയുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ട കാറിനൊപ്പം മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി ഉണ്ടായിരുന്നു. ഈ രണ്ട് കാറുകളും ഒറ്റപ്പാലം രജിസ്‌ട്രേഷനിലുള്ളതാണ്. ഈ വാഹനങ്ങളിലുണ്ടായിരുന്നവരാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. സുഹൃത്തുക്കളുടെ മൊഴിയില്‍ പൊലീസിന് സംശയമുണ്ട്. വിമാനത്താവളത്തിലേക്ക് തന്നെയാണോ പോയതെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.
വാഹനങ്ങള്‍ അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. കൂടാതെ ശക്തമായ മഴയുമുണ്ടായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സുഹൃത്തിനെ വിടാന്‍ പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍ എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ചെറുപ്പുളശ്ശേരിയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വഴിയില്‍ അല്ല അപകടം ഉണ്ടായത്. വഴി തെറ്റിപ്പോയതാണോ വേറെ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. 25-30 പ്രായമുള്ളവരാണ് മരിച്ച അഞ്ച് പേരും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.