കേരളത്തില്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

കേരളത്തില്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. സാധാരണഗതിയില്‍ കൊവിഡ് അവലോകന യോഗം ചേരുന്നത് ബുധനാഴ്ചകളിലാണ്. എന്നാല്‍ സംസ്ഥാനത്ത് ടിപിആര്‍ കുറയുന്ന പശ്ചാത്തലത്തിലാണ് നാളെ കൊവിഡ് അവലോകന യോഗം ചേരാന്‍ തീരുമാനമായത്. ഇന്ന് പത്ത് ശതമാനത്തിന് താഴെയാണ് ടിപിആര്‍ നിരക്ക്. 9.63 ആയിരുന്നു ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള ആലോചന. ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു.

ഇളവുകളില്‍ ആരാധനാലയങ്ങള്‍് ഉള്‍പ്പെടെ തുറക്കാനുള്ള അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. കൂടാതെ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഷൂട്ടിംഗുകളും അനുവദിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം നാളെ ഇത് സംബന്ധിച്ച അന്തിമ തീരുമാനം അറിയാന്‍ സാധിക്കും. ആരാധനാലയങ്ങള്‍ തുറക്കണം എന്ന് വ്യാപകമായി ആവശ്യം ഉയരുകയാണ്. ബിവറേജ് തുറക്കാന്‍ അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടി പലരും എതിര്‍പ്പുമായി രംഗത്തു വന്നു കഴിഞ്ഞു.