കാമുകനെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും കൂട്ടാളികളും അറസ്റ്റില്‍
വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കാമുകനെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി അറസ്റ്റില്‍. മയ്യനാട് സ്വദേശി ലെന്‍സി ലോറന്‍സ് (ചിഞ്ചുറാണി-30) ആണ് അറസ്റ്റിലായത്. ഇവര്‍ ക്വട്ടേഷന്‍ നല്‍കിയ സംഘത്തിലെ അംഗങ്ങളായ വര്‍ക്കല കണ്ണബ പുല്ലാനിയോട് സ്വദേശി അനന്ദു (21), അയിരൂര്‍ തണ്ടില്‍വീട്ടില്‍ അമ്പു (33) എന്നിവരും പിടിയിലായിട്ടുണ്ട്. ഒളിവില്‍ പോയ മറ്റ് നാല് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് കേസിനാസ്പദമായ സംഭവം.കാമുകനായ ശാസ്താംകോട്ട സ്വദേശി ഗൗതമിനെ മര്‍ദിക്കുന്നതിനായി 40000 രൂപയ്ക്കാണ് ലെന്‍സി ക്വട്ടേഷന്‍ നല്‍കിയിരുന്നത്.
ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് ഗൗതം. ഔദ്യോഗിക ആവശ്യത്തിന് പരിചയപ്പെട്ട ലിന്‍സുമായി ഇയാള്‍ അടുപ്പത്തിലാവുകയായിരുന്നു. വിവാഹിതയും, രണ്ട് കുട്ടികളുടെ മാതാവുമാണ് ലിന്‍സി ലോറന്‍സ്. ഭര്‍ത്താവ് വിദേശത്താണ്. രണ്ട് വര്‍ഷം മുന്‍പാണ് ലിന്‍സിയും ഗൗതമും പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. അടുപ്പം ശക്തമായതോടെ പണവും, മൊബൈല്‍ ഫോണും അടക്കം പലപ്പോഴായി ഗൗതമിന് നല്‍കി. മൂന്നര ലക്ഷത്തോളം രൂപയും ഇയാള്‍ വാങ്ങിയതായി പറയുന്നു. ഇതിനിടെ വിവാഹം കഴിക്കണമെന്ന് ലിന്‍സി ആവശ്യപ്പെടുകയായിരുന്നു. ഗൗതം വിവാഹാഭ്യര്‍ഥന നിരസിച്ചതോടെ പകയായി. ഇയാള്‍ അകലാന്‍ ശ്രമിക്കുക കൂടി ചെയ്തതോടെ പക വൈരാഗ്യം ആകുകയായിരുന്നു.
യുവതി വാങ്ങി നല്‍കിയ ഫോണും, ഇവരുടെ കയ്യില്‍ നിന്ന് പലപ്പോഴായി വാങ്ങിയ കാശും തിരികെ വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ക്വട്ടേഷന്‍. നാല്‍പ്പതിനായിരം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘം ശാസ്താംകോട്ട സ്വദേശി ഗൗതം,സുഹൃത്ത് വിഷ്ണു എന്നിവരെ മര്‍ദ്ദിച്ച് അവശരാക്കി, കവര്‍ച്ച നടത്തി വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. വിഷ്ണു ചാത്തന്നൂരില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണ്. കഴിഞ്ഞ പതിനാലാം തീയതി ഉച്ചയ്ക്ക് ലിന്‍സി ഗൗതമിന്റെ സുഹൃത്ത് വിഷ്ണുവിനെ വിളിച്ച് ബന്ധുക്കള്‍ വരുന്നുണ്ടെന്നും അവര്‍ക്കൊപ്പം പോയി പണം വാങ്ങി നല്‍കണം എന്നും പറഞ്ഞു. ക്വട്ടേഷന്‍ സംഘം നീല ഇയോണ്‍ കാറില്‍ ചാത്തന്നൂര്‍ ദേശീയപാത പൊലീസ് സ്റ്റേഷന് സമീപം നിന്ന് വിഷ്ണുവിനെ കാറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.
അയിരൂര്‍ കായല്‍വാരത്ത് എത്തിച്ച വിഷ്ണുവിനെ ആറംഗ ക്വട്ടേഷന്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. അതിനുശേഷം വിഷ്ണുവിനെ കൊണ്ട് ഗൗതമിനെ വിളിച്ചുവരുത്തി.തുടര്‍ന്ന് ഗൗതമിനെ സംഘം മാരകമായി മര്‍ദ്ദിക്കുകയും , കയ്യിലുണ്ടായിരുന്ന മൊബൈല്‍ഫോണും പണവും കവരുകയും ചെയ്തു. മര്‍ദ്ദിച്ച് അവശനാക്കിയ ഇരുവരെയും വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു .
ശാസ്താംകോട്ടയിലെ ഒരു ആശുപത്രിയില്‍ ഒളിവില്‍ കഴിയുന്നതിനിടെ ആണ് ലിന്‍സിയെ പൊലീസ് പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന അമ്പു,അനന്തു പ്രസാദ് എന്നിവരെ അയിരൂരില്‍ നിന്നും പിടികൂടി. ചാത്തന്നൂര്‍ സിഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു പേരെയും കോടതിയില്‍ ഹാജരാക്കി. ലിന്‍സി യെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
കൊട്ടേഷന്‍ സംഘത്തിലെ മറ്റു പ്രതികളായ വര്‍ക്കല അയിരൂര്‍ സ്വദേശികളായ അരുണ്‍ , മഹേഷ്, അനസ്, സതീഷ് എന്നിവര്‍ക്കായും, തട്ടി കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിനായും അന്വേഷണം തുടരുകയാണ്. മര്‍ദ്ദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ അനന്ദു പ്രസാദ് . ഇയാളാണ് ക്വട്ടേഷന്‍ ഏറ്റെടുത്തതും. നാല്‍പ്പതിനായിരം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി. കൃത്യത്തിന് ശേഷം ബാക്കി തുകയായ 30000 രൂപയും നല്‍കി.