ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഭൂല്‍ പട്ടേലിന് കോടതിയില്‍ നിന്ന് തിരിച്ചടി. പട്ടേലിന്റെ രണ്ട് വിവാദ ഉത്തരവുകള്‍ ഹൈകോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍ നിന്നും മാസം ഒഴിവാക്കിയ അഡ്മിനിസ്‌ട്രേഷന്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മെനു പഴയ രീതിയില്‍ തന്നെ തുടരണമെന്ന് കോടതി നിര്‍ദശിച്ചു. ഡയറി ഫാമുകള്‍ പൂട്ടി വസ്തുക്കള്‍ ലേലം ചെയ്യണമെന്ന ഉത്തരവിനും സ്റ്റേയുണ്ട്. ലക്ഷദ്വീപ് സ്വദേശി അജ്മല്‍ അഹ്മദ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവുകള്‍ സ്റ്റേ ചെയ്തത്.

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ രണ്ട് വിവാദ ഉത്തരവുകളിലും തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതുവരെ തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നാണ് നിര്‍ദേശം. ഇപ്പോള്‍ സ്റ്റേ ചെയ്ത രണ്ട് വിവാദ ഉത്തരവുകളെയും കുറിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു. കേന്ദ്രസര്‍ക്കാരിന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള സാവകാശം കോടതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. അതുവരെ ഈ രണ്ട് ഉത്തരവുകളിലും തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.