17 കോടി പോളിയോ വാക്സിന്‍ നല്‍കിയപ്പോള്‍ മന്‍മോഹന്‍ സിങിന്റെ പേരില്‍ പോസ്റ്റര്‍ പോലും ഇറക്കിയിരുന്നില്ല : കോണ്‍ഗ്രസ്സ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വാക്സിന്‍ വിതരണം ചെയ്തത് മോദിയുടെ നേട്ടമായി ആഘോഷിക്കുന്നവര്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത്. ‘ഒരു ദിവസം 80 ലക്ഷം കോവിഡ് വാക്സിന്‍ വിതരണം ചെയ്തതില്‍ ഞങ്ങള്‍ക്കും സന്തോഷമുണ്ട്. പക്ഷേ രാജ്യത്ത് ഒരു ദിവസം കൂടുതല്‍ വാക്സിന്‍ വിതരണം നടന്ന ദിവസം ഇന്നലെയല്ല, കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പോളിയോ വാക്സിനേഷന്റെ ഭാഗമായി 17 കോടി വാക്സിന്‍ വിതരണം ചെയ്തിരുന്നു. പക്ഷേ ഒരു വ്യത്യാസം എന്തെന്നാല്‍ അന്ന് മന്‍മോഹന്‍ സിങ് അതിന്റെ പേരില്‍ സ്വന്തം ചിത്രം വച്ച് പോസ്റ്ററുകള്‍ അടിച്ചിറക്കില്ലായിരുന്നു’ – കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ വെര്‍ച്വല്‍ പത്രസമ്മേളനത്തിനിടെ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിന്റെ പാളിച്ചകളെ കുറിച്ച് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. കോവിഡ് തരംഗം പ്രതീക്ഷിച്ചതിനെക്കാള്‍ ഭീകരമായിരിക്കും, മരണ നിരക്ക് രണ്ടാം തരംഗത്തെക്കാള്‍ അഞ്ചോ ആറോ ഇരട്ടിയായിരിക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. കോവിഡ് രണ്ടാം തരംഗം ഭീകരമായിരുന്നെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ കോവിഡ് മൂന്നാം തംരഗം അതി ഭീകരമായിരിക്കും. അതുകൊണ്ടു തന്നെ വാക്സിനേഷന്റെ വേഗം കൂടി വൈറസിന് തിരിച്ചു വരാനുള്ള വഴി നമ്മള്‍ ഇല്ലാതാക്കണം- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.