ജൂലൈ ആറ് വരെ യു എ യിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ഇന്ത്യ

യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ ജൂലൈ ആറ് വരെ ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ. യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയായി ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ കാരണം ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്നാണ് ഔദ്യോഗിക ടിറ്റര്‍ ഹാന്‍ഡിലിലൂടെ എയര്‍ ഇന്ത്യ അറിയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബുധനാഴ്ച മുതല്‍ വരാമെന്നത് ഉള്‍പ്പടെയുള്ള ഇളവുകള്‍ യു എ ഇ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സും അറിയിച്ചു. ചില വിമാനക്കമ്പനികള്‍ ബുക്കിങ് തുടങ്ങിയിരുന്നെങ്കിലും യാത്രാ നിബന്ധനകളിലെ അവ്യക്തത കാരണം ബുക്കിങ് നിര്‍ത്തിവെച്ചു. ഒടുവില്‍ എയര്‍ ഇന്ത്യയുടെ പ്രഖ്യാപനം കൂടി വന്നതോടെ പ്രവാസികള്‍ ആശങ്കയിലായി. അതിനിടെ പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ച ജീവനക്കാരുമായി ഇന്ത്യയുടെ ബജറ്റ് വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ വിമാനം ദുബായിലേക്ക് ജൂണ്‍ 18നാണ് പറന്നത്. ഇന്ത്യയില്‍ നിന്ന് രണ്ട് വാക്സിന്‍ ഡോസുകളും സ്വീകരിച്ച ജീവനക്കാരുമായി അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന ആദ്യത്തെ എയര്‍ലൈനാണ് എയര്‍ഇന്ത്യ എക്സ്പ്രസ്.