ആസ്ട്രാസെനക്ക , ഫൈസര്‍ വാക്സിനുകള്‍ ഡെല്‍റ്റ വകഭേദത്തില്‍ ഫലപ്രദം
ആഗോളതലത്തലില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന തീവ്രവ്യാപനശേഷിയുള്ള കോവിഡ് വകഭേദമാണ് ഡെല്‍റ്റ. ഇന്ത്യയിലാണ് ആദ്യമായി ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിക്കുന്നത്. കേരളത്തിലും ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. പാലക്കാട്ടും പത്തനംതിട്ടയിലുമാണ് സംസ്ഥാനത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.എന്നാല്‍ ആസ്ട്രാസെനക്ക, ഫൈസര്‍ വാക്സിനുകള്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് പഠനം. ആസ്ട്രാസെനക്കയും ഫൈസര്‍-ബയോടെക്കും വികസിപ്പിച്ച വാക്സിനുകളാണ് കോവിഡിന്റെ പുതിയ വകഭേദങ്ങളായ ഡെല്‍റ്റ പ്ലസ്, കാപ്പ എന്നിവയ്ക്കെതിരെ ഫലപ്രദമാണെന്ന് ശാസ്ത്രീയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. ഓക്സ്ഫഡ് സര്‍വകലാശാലാ ഗവേഷകരാണ് വാക്സിനെക്കുറിച്ച് പഠനം നടത്തിയിരിക്കുന്നത്.
ഇവരുടെ പഠനം അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘സെല്‍’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനെടുത്തവരുടെ രക്തത്തിലെ ആന്റിബോഡികള്‍ ഡെല്‍റ്റ, കാപ്പ വകഭേദങ്ങളെ നിയന്ത്രണവിധേയമാക്കാന്‍ പര്യപ്തമാണോ എന്നാണ് ഗവേഷകര്‍ അന്വേഷിച്ചത്. കോവിഡ് ബാധിച്ചവരിലുള്ള പുനര്‍രോഗസംക്രമണ രീതിയും ഓക്സ്ഫഡ് ഗവേഷകര്‍ വിലയിരുത്തിയിരുന്നു. നേരത്തെ ബീറ്റ, ഗാമ വകഭേദങ്ങള്‍ ബാധിച്ചവരില്‍ ഡെല്‍റ്റ വകഭേദത്തിലൂടെ വീണ്ടും കോവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. നേരെ മറിച്ച് ആല്‍ഫ വകഭേദം ബാധിച്ചവരെ മറ്റു വകഭേദങ്ങള്‍ അത്ര ബാധിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ഫൈസര്‍, ആസ്ട്രാസെനക്കാ വാക്സിനുകള്‍ ഡെല്‍റ്റ വകഭേദത്തില്‍ കൂടുതല്‍ ഫലപ്രദമാണെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ടും(പിഎച്ച്ഇ) വിലയിരുത്തിയിരുന്നു. വാക്സിനുകള്‍ വഴി ഡെല്‍റ്റ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നത് 90 ശതമാനവും തടയുന്നതായാണ് പിഎച്ച്ഇ കണ്ടെത്തിയത്.