ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനാനുമതി
നാളെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദള്‍ശനത്തിന് അനുമതി. ഒരു ദിവസം 300 പേര്‍ക്ക് ദര്‍ശനം നടത്താനാണ് അനുമതിയുള്ളത്. ഒരേ സമയം15 പേര്‍ക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാനാകുക. ഓണ്‍ലൈനില്‍ ബുക്ക്ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതി ലഭിക്കുക. വെര്‍ച്വല്‍ ക്യൂ വഴിയാണ് ദര്‍ശനത്തിന് അനുമതി. നാളെ മുതല്‍ കല്യാണത്തിനും അനുമതി നല്‍കിയിട്ടുണ്ട്. ഒരു കല്യാണത്തിന് പത്ത് പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. വിഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കുമെന്നാണ് വിവരം.
ഒരു ദിവസം എത്ര വിവാഹങ്ങള്‍ അനുവദിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നാളെ മൂന്ന് കല്യാണങ്ങളാണ് നിലവില്‍ ബുക്ക് ചെയ്തിരിക്കുന്നത്. കൂടുതല്‍ ബുക്കിങ്ങുകള്‍ വരുന്ന സാഹചര്യത്തില്‍ ബോര്‍ഡ് തീരുമാനം അനുസരിച്ചാകും ഒരുദിവസം എത്ര വിവാഹം എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ആരാധനാലയങ്ങളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. പുതിയ ക്രമീകരണം അനുസരിച്ചാകും വ്യാഴാഴ്ച മുതല്‍ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കുക.