രാജ്യത്തെ പറ്റിച്ചു മുങ്ങിയ മല്യ, മോദി, ചോക്‌സി എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
വായ്പാ തട്ടിപ്പ് നടത്തി സര്‍ക്കാരിനെയും ബാങ്കുകളെയും പറ്റിച്ചു രാജ്യം വിട്ടവരുടെ ആസ്തി ഇ.ഡി കണ്ടുകെട്ടി. വിവാദ വ്യവസായികള്‍ ആയ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ 18,170 കോടിയില്‍ 9,371.17 കോടി സര്‍ക്കാരിനും ബാങ്കുകള്‍ക്കും കൈമാറി. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 22586 കോടി രൂപ വായ്പയെടുത്താണ് രാജ്യം വിട്ടത് . ഇതില്‍ 18170 കോടി രൂപയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരം സ്വത്തുക്കളില്‍ നിന്ന് ഇ ഡി കണ്ടുകെട്ടിയിട്ടുള്ളത്. ഇതില്‍ 9371 കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും ഇ ഡി കൈമാറി.
ബാങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം. 8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്ക് ലഭിക്കുക. ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് മദ്യ വ്യവസായിയായ വിജയ് മല്യക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജ കത്തുകള്‍ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് വജ്രവ്യവസായിയായ നീരവ് മോദിക്കെതിരായ കേസ്. നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 14000ത്തോളം കോടി രൂപയുടെ വായ്പ രൂപേണ ബാങ്കുകള്‍ നിന്ന് തട്ടിയെടുത്തത്. മൂവരും ഇപ്പോള്‍ ഇന്ത്യക്ക് പുറത്തു ആണ്.