ഡബ്ല്യു.എം.സി സ്വിസ് ആരംഭിച്ച കോവിഡ് ഇന്‍ഡ്യാ റിലീഫ് ഫണ്ടിന് ​മികച്ച പ്രതികരണം

സൂറിച്ച്: കോവിഡ് മഹാമാരി മൂലം ജീവിതം വഴിമുട്ടിയ സഹോദരങ്ങള്‍ക്ക് ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ വേള്‍ഡ് മലയാളി കൌണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സ് ആവിഷ്‌ക്കരിച്ച കോവിഡ് ഇന്‍ഡ്യാ റിലീഫ് ഫണ്ടിലേക്ക് വളരെ ഉദാരമായ സഹായസഹകരണം നല്‍കി സ്വിറ്റ്‌സര്‍ലണ്ടിലെ സുമനസ്സുകള്‍. സംഘടനയുടെ അംഗങ്ങള്‍ വഴിയും നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നുമൊക്കെയായി അന്‍പതിലധികം സഹായാഭ്യര്‍ത്ഥനകളാണ് നാട്ടില്‍ നിന്നും ലഭിച്ചത്.

ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞ 9500 ഫ്രാങ്ക് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതിനായി, ഡബ്ല്യു.എം.സി കോവിഡ് റിലീഫ് ഫണ്ട് കമ്മറ്റി തീരുമാനിക്കുകയും ലഭിച്ച അപേക്ഷകരില്‍ നിന്നും 32 പേര്‍ക്ക് അര്‍ഹതക്ക് ആനുപാതികമായ ധനസഹായം വീതിച്ചു നല്‍കാനും 24 സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്യുവാനും തീരുമാനിച്ചു.

അര്‍ഹരായവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് സഹായധനം നേരിട്ട് അയച്ചുകൊടുക്കുന്നതിന് ട്രഷറര്‍ ജിജി ആന്റണിയെ യോഗം ചുമതലപ്പെടുത്തി. ചുരുങ്ങിയ സമയം കൊണ്ട് ഡബ്ല്യു.എം.സിയ്ക്ക് ലഭിച്ച പ്രോത്സാഹനം ഏറെ ശ്രദ്ധേയമാണെന്നു ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.