വിമാന സര്‍വീസ് എന്ന് തുടങ്ങും ?’: ചോദ്യത്തിന് മറുപടിയുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍

കോവിഡ് രണ്ടാം തരംഗം കാരണം നിര്‍ത്തി വെച്ചിരിക്കുന്ന ഇന്ത്യ – യു.എ.ഇ വിമാന സര്‍വീസ് എന്ന് തുടങ്ങുമെന്ന ചോദ്യത്തിന് മറുപടി നല്‍കി എമിറേറ്റ്‌സ് എയര്‍ലൈന്‍. ദുബൈ യാത്ര പുനരാരംഭിക്കാനുള്ള കൃത്യമായ പ്രോട്ടോക്കോളിന് കാത്തിരിക്കുകയാണെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചത്. ദുബൈ യാത്ര സംബന്ധിച്ച ചോദ്യത്തിന് ട്വിറ്ററില്‍ നല്‍കിയ മറുപടിയിലാണ് എമിറേറ്റ്‌സിന്റെ വിശദീകരണം. ഇന്നലെ മുതല്‍ ദുബൈ സര്‍വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എമിറേറ്റ്‌സ് അറിയിച്ചിരുന്നു.

ജുലൈ 6 വരെ സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണെന്നും യാത്ര സംബന്ധിച്ച പുതിയ വിവരം വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്നും എമിറേറ്റ്‌സ് കുറിച്ചു. അതേസമയം എയര്‍ ഇന്ത്യയും ഗള്‍ഫ് സര്‍വ്വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ കാരണം ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്നാണ് ഔദ്യോഗിക ടിറ്റര്‍ ഹാന്‍ഡിലിലൂടെ എയര്‍ ഇന്ത്യ അറിയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.