ക്ലബ് ഹൗസ് നിസാരക്കാരല്ല ; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്
ക്ലബ് ഹൗസ് വഴി കുട്ടികളെ വലയിലാക്കുന്ന സംഘങ്ങള്‍ സജീവമാകുന്നുണ്ടെന്ന് മാതാപിതാക്കള്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്. കുട്ടികളെ ഇത്തരം ചാറ്റ് റൂമുകളിലേക്ക് ആകര്‍ഷിച്ച് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വരെ പ്രേരിപ്പിക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള ആപ്പുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നില്ല എന്ന് രക്ഷകര്‍ത്താക്കള്‍ ഉറപ്പു വരുത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. കേരള പൊലീസിന്റെ ഔദ്യോ?ഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. ശബ്ദ സന്ദേശങ്ങള്‍ മാത്രം അയക്കാന്‍ കഴിയുന്ന ഇത്തരം ആപ്പുകള്‍ നിസാരന്മാരല്ല.
ആയിരക്കണക്കിനു ആള്‍ക്കാരെ ഒരേസമയം ഉള്‍പ്പെടുത്തി ഗ്രൂപ്പുകള്‍ നിര്‍മിക്കാന്‍ ഈ ആപ്പുകള്‍ക്കു കഴിയും. കുട്ടികളുടെ പേരുകള്‍ ഉപയോഗിച്ച് വ്യാജമായി നിര്‍മിച്ചിരിക്കുന്ന പല ചാറ്റ് റൂമുകളിലും നടക്കുന്ന ശബ്ദ സംഭാഷണങ്ങള്‍ വാക്കുകളിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവയാണ്. കുട്ടികളെ ഇത്തരം ചാറ്റ് റൂമുകളിലേക്ക് ആകര്‍ഷിച്ചു അവരെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുക വരെ ചെയ്യുന്നുണ്ട്. മിക്കപ്പോഴും രക്ഷകര്‍ത്താക്കളുടെ ഫോണില്‍ നിന്നുമാണ് ഇത്തരം ആപ്പുകളിലേക്കു കുട്ടികള്‍ പ്രവേശിച്ചു തുടങ്ങുന്നത്.
അതിനാല്‍ ഇത്തരത്തിലുള്ള ആപ്പുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നില്ല എന്ന് രക്ഷകര്‍ത്താക്കള്‍ ഉറപ്പു വരുത്തുക. കുട്ടികളുടെ സ്‌ക്രീന്‍ ടൈം കൃത്യമായി ശ്രദ്ധിക്കുക. ഓര്‍മിക്കുക Prevention is better than cure. പോസ്റ്റില്‍ പറയുന്നു. യുവാക്കള്‍ക്ക് ഇടയില്‍ തരംഗമായി മാറിയ ക്ലബ് ഹൌസ് ഇപ്പോള്‍ കേരളാ പോലീസിന്റെ സജീവ നിരീക്ഷണത്തിലാണ്.