ഒന്നര രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കുന്ന ഒരു രാജ്യം

നൂറു രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കാന്‍ മലയാളികള്‍ തയ്യാറെടുക്കുന്ന സമയം വെറുതെ പറയുന്നത് അല്ല ഇത്. സംഗതി സത്യമാണ്. വെറും ഒന്നര രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കുന്ന രാജ്യവും ഈ ലോകത്തുണ്ട്. വെനസ്വേലയിലാണ് ഈ അതിശയ വില. വെറും 1.47 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് അവിടെ ഈടാക്കുന്നത്. അതായത്, നമ്മള്‍ ഇന്ത്യക്കാര്‍ ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുന്ന പണമുപയോഗിച്ച് വെനസ്വേലയില്‍ 68 ലിറ്റര്‍ പെട്രോളടിക്കാം. ലോകത്തെ മുന്‍നിര എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍ ഒന്നായ വെനസ്വേലയില്‍ പക്ഷേ, ഇപ്പോള്‍ ഉല്‍പാദനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അസംസ്‌കൃത എണ്ണ ഉല്‍പാദനം ഇപ്പോള്‍ 50 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ പ്രതിദിനം 1.41 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിച്ച ഇവിടെ മേയില്‍ ശരാശരി 1.36 ദശലക്ഷം ബാരല്‍ ആയി കുറഞ്ഞു. ഇറാനാണ് എണ്ണ വില വളരെ കുറവുള്ള മറ്റൊരു രാജ്യം. 4.81 രൂപയാണ് ലിറ്ററിന് വില. അംഗോള, അള്‍ജീരിയ, കുവൈത്ത് എന്നിവിടങ്ങളില്‍ 30 രൂപയില്‍ താഴെയാണ് വില. അഫ്ഗാനിസ്ഥാന്‍ (49.04 രൂപ) ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ ലിറ്ററിന് 50 രൂപയില്‍ താഴെയാണ് പെട്രോള്‍ വില. ശ്രീലങ്കയില്‍ 68; ബംഗ്ലാദേശില്‍ 76. ഹോങ്കോങ് ഒഴികെ ചുറ്റുവട്ടത്തുള്ള രാജ്യങ്ങളില്‍ വെച്ച് ഏറ്റവും കൂടിയ നിരക്ക് ഇന്ത്യയിലാണ്. ഹോങ്കോങില്‍ ലിറ്ററിന് 185 രൂപയാണ് വില. 109 രാഷ്ട്രങ്ങളില്‍ ഇന്ത്യയേക്കാള്‍ കുറവാണ് പെട്രോള്‍ വില.

അതേമസമയം നമ്മുടെ അയല്‍വാസിയും ശത്രു രാജ്യവുമായ പാക്കിസ്ഥാനില്‍ 52.12 ഇന്ത്യന്‍ രൂപയാണ് പെട്രോള്‍ വില. ഡീസലിന് 52.99 രൂപയും. ഇന്ത്യയില്‍ കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ ഇന്ന് പെട്രോള്‍ വില 100 കടന്നു. ഈ സാഹചര്യത്തിലാണ്, ഇന്ത്യയേക്കാള്‍ സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന നമ്മുടെ അയല്‍രാജ്യം നേര്‍ പകുതി വിലയ്ക്ക് പെട്രോളും ഡീസലും വില്‍ക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 53 ദിവസത്തിനിടെ 29 തവണയാണ് എണ്ണകമ്പനികള്‍ വില വര്‍ധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് വില ഉയര്‍ത്തുന്നത് തല്‍ക്കാലം നിര്‍ത്തിയെങ്കിലും ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മേയ് നാലിനാണ് എണ്ണവില വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയത്.