മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതയായി ജോസഫൈന്‍
പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത് സംസാരിച്ചു എന്ന ആരോപണത്തിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷുഭിതയായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. സ്വമേധയയായി തങ്ങള്‍ പരാതിയെടുക്കണമെങ്കില്‍ പരാതി ലഭിക്കണം. അല്ലെങ്കില്‍ പബ്ലിക്കായി പറയണമെന്നും ജോസഫൈന്‍ പറഞ്ഞു. ‘ഞങ്ങളും സാധാരണ സ്ത്രീകളാണ്. പൊലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്. തെറി പറഞ്ഞിട്ടില്ല. അനുഭവിച്ചോളൂ എന്ന് പറഞ്ഞിട്ടില്ല. ആ അര്‍ത്ഥത്തില്‍ അല്ല പറഞ്ഞത്. ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയുമാണ് പറഞ്ഞത്.
അതേസമയം ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറഞ്ഞ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിഷേധം ശക്തം. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈനെ നീക്കണമെന്നാണ് ആവശ്യം. ഇടതുപക്ഷാഭിമുഖ്യമുള്ള പ്രൈഫൈലുകളില്‍ നിന്നടക്കം ജോസഫൈനെതിരെ വലിയ തോതില്‍ ആക്ഷേപം ഉയരുകയാണ്. ഇതിനോടകം വനിത കമ്മീഷനേയും അധ്യക്ഷയേയും പരിഹസിച്ചുകൊണ്ടുളള ട്രോളുകളും സജീവമായി കഴിഞ്ഞു.
‘ജോസഫൈന് എതിരെ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. സംഭവത്തില്‍ എം.സി ജോസഫൈനെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു. ജോസഫൈന്റെ പരിഗണനയില്‍ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. എഐഎസ്എഫും പ്രതിഷേധവുമായി രംഗത്തെത്തി. ജോസഫൈനെ വനിതാ കമ്മീഷനില്‍ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം. കെഎസ്യു സംസ്ഥാന വനിതാ കമ്മീഷന്‍ ആസ്ഥാനത്തെത്തി സമരം നടത്തി. പൊലീസുമായി സംഘര്‍ഷമുണ്ടായി.
കൊല്ലത്ത് വിസ്മയ എന്ന യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലായിരുന്നു ജോസഫൈന്റെ മോശം പെരുമാറ്റം. പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ എന്നാണ് ജോസഫൈന്‍ പരാതിക്കാരിയോട് പറഞ്ഞത്. എറണാകുളത്ത് നിന്നും ഒരു സ്ത്രീയാണ് പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതി. ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു. എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.